ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനുകളില്‍; പ്രതികളെ എളുപ്പത്തില്‍ പിടികൂടാന്‍ സഹായിച്ചത് സോഷ്യല്‍ മീഡിയാ അക്കൗണ്ട് അടക്കം പെണ്‍കുട്ടി നല്‍കിയ കൃത്യമായ വിവരങ്ങള്‍; അറസ്റ്റിലായത് 49 പേര്‍: ആകെ പ്രതികള്‍ 60 പേര്‍

പത്തനംതിട്ട പീഡനം; അറസ്റ്റിലായത് 49 പേര്‍: ആകെ പ്രതികള്‍ 60 പേര്‍

Update: 2025-01-16 02:42 GMT

പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ പോലിസിനെ സഹായിച്ചത് പീഡിനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ കൃത്യമായ വിവരങ്ങള്‍. സോഷ്യല്‍ മീഡിയാ അക്കൗണ്ടും ഫോണ്‍ നമ്പരും അടക്കം കൃത്യമായ വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയിരുന്നു. ആകെ 60 പ്രതികള്‍ ഉള്ള കേസില്‍ 49 പേര്‍ ഇതിനകം പിടിയിലായി. രണ്ടു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. ഇനി ഒമ്പത് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈയില്‍ നിന്നും കല്ലമ്പലത്തുനിന്നും രണ്ട് പ്രതികളെക്കൂടി അറസ്റ്റുചെയ്തതായും പോലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ പത്തനംതിട്ടയിലെത്തിക്കും. കേസുമായി ബന്ധപ്പെട്ട് നിലവില്‍ 49 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ അഞ്ചുപ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പോലിസ് വ്യക്തമാക്കി. കേസില്‍ അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്നും അധികം വൈകാതെ ബാക്കി പ്രതികളെക്കൂടി കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ചെന്നൈയിലായിരുന്നു. അയാളെ അവിടെനിന്നും അറസ്റ്റുചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കല്ലമ്പലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കേസിലെ പ്രതിയും അറസ്റ്റിലായിട്ടുള്ളതായി പോലീസ് അറിയിച്ചു. ഇരുവരേയും ഉടന്‍ പത്തനംതിട്ടയിലെത്തിക്കും.

മലയാലപ്പുഴ സ്റ്റേഷനിലെ കേസിലെ പ്രതി അഭിജിത്തി(26)നെ ചെന്നൈയില്‍ നിന്ന് പിടികൂടി. ചെന്നൈ അണ്ണാ നഗറില്‍ നിന്നാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. രണ്ടുദിവസമായി ഇവിടെയും പരിസരങ്ങളിലുമായി രഹസ്യമായ നീക്കത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസുകളില്‍ രണ്ടെണ്ണത്തിലൊഴികെ എല്ലാ കേസിലെയും പ്രതികള്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പന്തളം ഒന്ന്, മലയാലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം. ഇനി പിടികൂടാനുള്ളത് ഏഴു പ്രതികെളയാണ്. ഇവരെ മുഴുവന്‍ തിരിച്ചറിഞ്ഞതായും സമയബന്ധിതമായും ഊര്‍ജിതമായും നടക്കുന്ന അന്വേഷണത്തില്‍ ഉടനടി പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഉപദ്രവിച്ചവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് സംബന്ധിച്ച വിവരം എന്നിങ്ങനെ പ്രതിയെ തിരിച്ചറിയാന്‍ ഉതകുന്ന ഏതെങ്കിലും ഒരുവിവരം എങ്കിലും പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ കേസ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആറുദിവസത്തിനുള്ളില്‍ ഇത്രയും പ്രതികളെ അറസ്റ്റുചെയ്യുന്നതിലേക്ക് അന്വേഷണം പുരോഗമിക്കാന്‍ സഹായകമായതും പെണ്‍കുട്ടി നല്‍കിയ ഈ വിവരങ്ങളാണ്.

ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നത്. അന്വേഷണം പുരോഗമിക്കവെയാണ് കേസ് അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചത്. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലത്തെ പോലീസ് സ്റ്റേഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ആ പ്രതിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.

പിന്നീട് കല്ലമ്പലത്തെ ഒരു ബന്ധുവിന്റെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ അവിടെയെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ?ചൊവ്വാഴ്ച രാത്രിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്പലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ടയില്‍ നിന്നും പോയ പോലീസ് സംഘമാണ് ചെന്നൈയില്‍ നിന്നും അറസ്റ്റുചെയ്തത്. ഇയാളെ രാത്രിയോടെ പത്തനംതിട്ടയില്‍ എത്തിക്കും.

അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ 58 പ്രതികളാണ് ഉള്ളതെന്നാണ് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി പറഞ്ഞത്. എന്നാല്‍ ബുധനാഴ്ചയോടെ അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച കൃത്യമായ ധാരണ കൈവന്നിട്ടുള്ളതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

Tags:    

Similar News