വസ്ത്രധാരണവുമായി ബന്ധപ്പെട്ട തര്‍ക്കം പറഞ്ഞു തീര്‍ക്കാനായി വീട്ടിലെത്തി; പ്ലസ് വണ്‍ വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കഴുത്തിന് കുത്തിപ്പരിക്കേല്‍പിച്ചു; വീട്ടിലുണ്ടായിരുന്ന പിതാവടക്കം കസ്റ്റഡിയില്‍; പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കഴുത്തിന് കുത്തിപ്പരിക്കേല്‍പിച്ചു

Update: 2025-01-25 12:15 GMT

കോഴിക്കോട്: ഫറോക്കില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയെ മറ്റൊരു വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പിച്ചു. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്.

ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാര്‍ഥിയുമായി പ്രശ്‌നമുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീര്‍ക്കാനാണ് വിദ്യാര്‍ഥികളെത്തിയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാര്‍ഥിയേയും പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് രണ്ട് കുട്ടികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പത്താം ക്ലാസില്‍ ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. പ്ലസ് വണ്ണിന് ചേര്‍ന്ന ഇരുവരും പ്രദേശത്തുള്ള രണ്ട് സ്‌കൂളിലിലാണ് പഠിക്കുന്നത്. ഇരുവരും തമ്മില്‍ മുമ്പുണ്ടായ തര്‍ക്കത്തില്‍ ഇന്നലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസില്‍ വെച്ചും തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ബസില്‍ വെച്ചുണ്ടായ തര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.

ഇത് പറഞ്ഞു തീര്‍ക്കാന്‍ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ കൂട്ടുകാരുമായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടെയാണ് വാക്കേറ്റവും കത്തിക്കുത്തും. കൂട്ടുകാര്‍ക്കൊപ്പം തര്‍ക്കം പറഞ്ഞുതീര്‍ക്കാനെത്തിയ വിദ്യാര്‍ത്ഥിയെ ആണ് ആക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെയും കസ്റ്റഡിയിലെടുത്തത്.

ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും മണ്ണൂര്‍ സ്വദേശിയായി വിദ്യാര്‍ഥിയും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തില്‍ ഫറോക്ക് പൊലീസ് കേസെടുത്തു.

Tags:    

Similar News