സാമൂഹിക മാധ്യമങ്ങളില്‍ ലൈംഗിക പീഡന പരാതിയുമായി യുവതി; കാസര്‍ക്കോട്ടെ സിപിഎം-ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി; ഏരിയ കമ്മിറ്റിയില്‍ നിന്നും ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി
ലൈംഗിക പീഡന പരാതിയില്‍ സിപിഎം-ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി
കാസര്‍കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗീക പീഡന പരാതിയുമായി യുവതി രംഗത്ത് വന്നതിന് പിന്നാലെ കാസര്‍കോട് സി പിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്തിനെ പുറത്താക്കി.
സുജിത് കൊടക്കാടിനെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്.
അധ്യാപകന്‍, എഴുത്തുകാരന്‍, വ്‌ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുജിത് കൊടക്കാട്. കഴിഞ്ഞ ദിവസം സുജിതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല.