തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം; ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് പിടിച്ചുള്ള അന്വേഷണം കേരളത്തിലേക്ക്; വിവരങ്ങള്‍ക്കായി കേരള പൊലീസിന്റെ സഹായം തേടി

തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം

Update: 2025-01-30 14:54 GMT

ബെംഗളൂരു: തെലങ്കാനയിലെ നല്ലഗൊണ്ടയില്‍ കനാല്‍ക്കരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവ് മലയാളിയെന്ന് സംശയം. ഗുര്‍റമ്പോടുള്ള കനാല്‍ക്കരയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത് ഈ മാസം 18-നാണ്. യുവാവ് ധരിച്ച ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമെന്ന് പോലീസ് പറഞ്ഞു. വിശദാന്വേഷണത്തിന് കേരളാ പോലീസിന്റെ കൂടി സഹായം തേടിയിട്ടുണ്ട്.

കഴിഞ്ഞ 18-നാണ് കനാലിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേരളാ ബന്ധം സംശയിക്കത്തക്ക രീതിയിലുള്ള വിശദാംശങ്ങള്‍ ലഭ്യമായത്. കേരളാ സ്റ്റൈല്‍ കോഡ് ഉപയോഗിച്ചുള്ള ഷര്‍ട്ടാണ് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെയാണ് തെലങ്കാന പോലീസ്, കേരളാ പോലീസിന്റെ കൂടി സഹായം അഭ്യര്‍ഥിച്ചത്.

അതേസമയം സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മൃതദേഹത്തില്‍ മുറിവുകളും പാടുകളുമുണ്ട്. ആരെങ്കിലും കൊന്നശേഷം കനാലിന് സമീപം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

യുവാവ് ധരിച്ചിരുന്ന ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മലയാളിയിലേക്കെത്തുന്നത്. ഈ സ്‌റ്റൈല്‍ കോഡിലുള്ള ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമാണെന്നാണ് കമ്പനി പൊലീസിന് നല്‍കിയ വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും തെലങ്കാന പൊലീസ് അറിയിച്ചു.

Tags:    

Similar News