എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ... എന്ന് പറഞ്ഞ് യുവതി നിരവധി തവണ അലറി വിളിക്കുന്നു; അങ്കിളാണ് പേടിക്കണ്ടെന്നും അങ്കിള്‍ ഇന്നലെ സംസാരിച്ചതല്ലേയെന്നും ഒച്ച ഉണ്ടാക്കിയാല്‍ എന്റെ മാനം പോകുമെന്നും പറയുന്ന മുതലാളിയും! ദേവദാസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ആര്? മുക്കത്തെ വീഡിയോയിലുള്ളത് മൂവര്‍ സംഘത്തിന്റെ ക്രൂരത

Update: 2025-02-04 07:37 GMT

കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കുടുംബം. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും പുറത്തു വന്നതോടെ ക്രൂരതയും തെളിഞ്ഞു. മുക്കം പൊലീസ് പ്രതിചേര്‍ത്ത ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ആത്മഹത്യ ചെയ്യും മുമ്പേ പ്രതികളെ തിരിച്ചറിയാന്‍ വേണ്ടതെല്ലാം ചെയ്തിട്ടായിരുന്നു യുവതിയുടെ ചാട്ടം. അതിനിടെ ദേവദാസിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് സൂചന. ഇയാളെ ഒളിവില്‍ പോകാന്‍ ചില പോലീസുകാരും സഹായിച്ചതായി സൂചനയുണ്ട്.

''എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ...' എന്ന് യുവതി നിരവധി തവണ അലറി വിളിക്കുന്നത് കുടുംബം പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം. അപ്പോള്‍ 'അങ്കിളാണ് പേടിക്കണ്ട' എന്നാണ് അതിക്രമത്തിന് ശ്രമിക്കുന്ന പുരുഷന്‍ പറയുന്നത്. 'അങ്കിള്‍ ഇന്നലെ സംസാരിച്ചതല്ലേ, ഒച്ച ഉണ്ടാക്കിയാല്‍ എന്റെ മാനം പോകും' -എന്നും ഇയാള്‍ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. 'എന്നെ വിട്, എന്നെ ഒന്നും ചെയ്യല്ലേ' എന്ന് യുവതി ആവര്‍ത്തിച്ച് കേണപേക്ഷിക്കുന്നതും കാണാം. എന്നിട്ടും അതിക്രമം തുടര്‍ന്നതോടെ ആത്മരക്ഷാര്‍ത്ഥം കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറിമാറി പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി. മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട്. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു.

ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവര്‍ത്തകര്‍ അവധിയില്‍ പോയ തക്കം നോക്കി വീട്ടില്‍ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികള്‍ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികള്‍ വൈകുന്നതില്‍ കുടുംബത്തിന് പരിഭവമുണ്ട്. പോലീസ് അനാസ്ഥ കാണിക്കുന്നതു കൊണ്ടാണ് വീഡിയോ തെളിവ് പുറത്തു വിട്ടത്.

നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലിലെ സിസിടിവി അടക്കം വീണ്ടെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

പ്രതികള്‍ കേസ് പിന്‍വലിക്കാന്‍ ബന്ധുക്കളെ സ്വധീനിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടത്. സംഭവത്തിന് മുമ്പും ഹോട്ടലുടമ യുവതിക്ക് മെസേജ് അയച്ചിരുന്നുവെന്നും ഇത് തെളിവായി തങ്ങളുടെ കൈയിലുണ്ടെന്നും കുടുംബം അറിയിച്ചു.

Tags:    

Similar News