സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിട്ട ജസ്റ്റീസിനെ തട്ടിപ്പു കേസില്‍ പ്രതിയാക്കിയത് ഗൂഡാലോചനയോ? മുനമ്പം കമ്മീഷനെ നയിക്കുന്ന മുന്‍ ജഡ്ജിയുടെ പരിഭവം ഗൗരവത്തില്‍ എടുക്കാന്‍ പിണറായി; പണം കൈപ്പറ്റിയതിന് തെളിവില്ലെങ്കില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കും; പോലീസ് ഉത്തരവാദിത്തമില്ലായ്മ കാട്ടിയോ?

Update: 2025-02-10 02:54 GMT

കൊച്ചി: കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് പെരിന്തല്‍മണ്ണ പോലീസ് തന്നെ പ്രതിയാക്കി എഫ്.ഐ.ആര്‍. ഇട്ടതെന്ന് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ വാദം പോലീസ് മുഖവിലയ്ക്ക് എടുത്തേക്കും. പാതിവില തട്ടിപ്പ് കേസില്‍ നിന്നും റിട്ട ജസ്റ്റീസിനെ ഒഴിവാക്കാനാണ് സാധ്യത. പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ പോലീസ് കേസെടുത്തത് ശരിയായില്ല. ഇത് തനിക്ക് നാണക്കേടുണ്ടാക്കി. ഇതില്‍ ദുരുദ്ദേശ്യമുണ്ടെന്നാണ് തോന്നുന്നത്. ഒട്ടും ഉത്തരവാദിത്വമില്ലാതെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നാണ് മുന്‍ ജഡ്ജിയുടെ വിശദീകരണം. അക്കാര്യം ആഭ്യന്തര വകുപ്പ് പരിശോധിക്കും. ഇതിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയെന്നാണ് സൂചന.

എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരിയാണ് താനെന്നു പറഞ്ഞ് ആരോ ഒരു പരാതി കൊടുത്തു. അത് വായിച്ചുനോക്കി എഫ്.ഐ.ആര്‍. ഇട്ടു. എന്നോടുപോലും വിവരം തിരക്കിയില്ല. മലപ്പുറം എസ്.പി.യെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരിയായിരുന്നില്ല. ഇങ്ങനെയാണ് പോലീസിന്റെ പ്രവര്‍ത്തനമെങ്കില്‍ എന്ത് ചെയ്യും. താന്‍ രക്ഷാധികാരിയല്ലെന്നും ഉപദേശകന്‍ മാത്രമാണെന്നും സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സംഘടന ജൂണില്‍ പണപ്പിരിവ് ആരംഭിച്ചതോടെ ഉപദേശക സ്ഥാനത്തുനിന്ന് മാറിയെന്നും റിട്ട. ജസ്റ്റിസ് വ്യക്തമാക്കി. സര്‍ക്കാരുമായി അടുത്തു നിന്ന് പ്രവര്‍ത്തിക്കുന്ന മുന്‍ ജഡ്ജിമാരില്‍ ഒരാളാണ് മുന്‍ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. മുനമ്പം കമ്മീഷനായി നിയമിച്ചതും ഈ മുന് ജഡ്ജിയെ ആയിരുന്നു.

എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഇംപ്ലിമെന്റിങ് ഏജന്‍സിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെഎസ്എസ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. ആനന്ദകുമാര്‍, അനന്തുകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മൂന്നാം പ്രതിയായാണ് മുന്‍ ജസ്റ്റിസ്. സി.എന്‍.രാമചന്ദ്രന്‍ നായരെയും പോലീസ് പ്രതിചേര്‍ത്തത്. ആനന്ദകുമാറിനേയും മുന്‍ ജസ്റ്റീസിനേയും അറസ്റ്റു ചെയ്യേണ്ട സാഹചര്യം പോലീസിന് മുന്നിലുണ്ട്. എന്നാല്‍ എല്ലാ തെളിവും ശേഖരിച്ച ശേഷമേ നടപടികളുണ്ടാകൂ. ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധിയും കേസിനെ സ്വാധീനിക്കും. അതുവരെ പോലീസ് കടുത്ത നടപടികള്‍ക്ക് മുതിരില്ല.

2014 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 34 ലക്ഷം രൂപ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കെഎസ്എസ് വഴി തട്ടിച്ചു എന്നാണ് പരാതി. കെഎസ്എസ് പ്രസിഡന്റ് ഡാനിമോനാണ് പരാതി നല്‍കിയത്. അതിനിടെ നിരുത്തരവാദപരമായാണ് തന്നെ പോലീസ് പ്രതിചേര്‍ത്തതെന്നാരോപിച്ച് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയ്ക്കാണ് തന്നെ എഫ്‌ഐആറില്‍ പ്രതിചേര്‍ത്തത്. താന്‍ കോണ്‍ഫെഡറേഷന്റെ ഉപദേശകന്‍ മാത്രമായിരുന്നുവെന്നും രക്ഷാധികാരിയായിരുന്നില്ലെന്നും ജസ്റ്റിസ് പറയുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നോട് അന്വേഷിക്കുക പോലും ചെയ്യാതെയാണ് ഈ രീതിയില്‍ പോലീസ് കേസെടുത്തതെന്നും മലപ്പുറം എസ്പിയെ വിളിച്ച് പരാതി അറിയിച്ചതായും ജസ്റ്റിസ് വിശദീകരിച്ചിട്ടുണ്ട്.

വന്‍കിട കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും സാമൂഹ്യസേവനത്തിനായി വിനിയോഗിക്കുന്നതാണ് സി.എസ്.ആര്‍ ഫണ്ട്. ലക്ഷക്കണക്കിന് രൂപ ഇതിനായി മാറ്റിവയ്ക്കാറുണ്ട്. എന്‍.ജി.ഒകള്‍ വഴിയാണ് തുക ചെലവഴിക്കുന്നത്. ഇതു ലഭ്യമാക്കിയാല്‍ പകുതിവില ആവശ്യക്കാരില്‍ നിന്ന് ഈടാക്കി സ്‌കൂട്ടറും മറ്റും വിതരണം ചെയ്യാമെന്ന് കണക്കുകൂട്ടിയാണ് ആസൂത്രണം നടത്തിയത്. നൂറുകണക്കിന് സംഘടനകളെയാണ് സി.എസ്.ആര്‍ ഫണ്ടിന്റെ പേരില്‍ കോണ്‍ഫെഡറേഷനില്‍ അംഗമാക്കിയത്. പരിച്ചുനല്‍കുന്ന തുകയ്ക്ക് ചെറിയ കമ്മിഷനും വാഗ്ദാനം ചെയ്തു. പക്ഷേ ഒന്നും നടന്നില്ല. വിശ്വാസ്യത കൂട്ടാന്‍ വേണ്ടി കുറച്ചു പേര്‍ക്ക് സ്‌കൂട്ടറും മറ്റും നല്‍കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ തട്ടിപ്പ് പണം മുന്‍ ജസ്റ്റീസിന് കിട്ടിയോ എന്ന് പോലീസ് പരിശോധിക്കും. അതിന് ശേഷം ആവശ്യമെങ്കില്‍ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. അതിനിടെ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കേസില്‍ മൂന്നാം പ്രതിയായതിനാല്‍ മുനമ്പം കമ്മിഷന്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും ഉടനൊന്നും സര്‍ക്കാര്‍ തിരുമാനം എടുക്കില്ല. മുനമ്പം കമ്മീഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

പാതിവില തട്ടിപ്പ്, അനന്തു കൃഷ്ണന്‍, അനന്തുകൃഷ്ണ്‍, ആനന്ദ് കുമാര്‍

Tags:    

Similar News