ഗള്‍ഫില്‍ നിന്നും പറന്നിറങ്ങാന്‍ കോയമ്പത്തൂരിനെ തിരഞ്ഞെടുത്തതും പോലീസ് പടിക്കില്ലെന്ന പ്രതീക്ഷയില്‍; ലുക്കൗട്ട് നോട്ടീസുകാരന്‍ ലാന്‍ഡ് ചെയ്തതും കേന്ദ്ര ഏജന്‍സികള്‍ തിരിച്ചറിഞ്ഞു. മുത്തശ്ശിയെ കാറിടിച്ചു കൊന്നും ദൃഷാനയെ കോമയെന്ന തീരാ ദുരിതത്തിലാക്കിയും മുങ്ങിയ ഷെജിലിന് കൈവിലങ്ങ് വീണു; വിമാനത്താവളത്തിലെ അറസ്റ്റ് അപകടത്തിന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ ശേഷിക്കെ
കോഴിക്കോട് : വടകരയില്‍ ഒമ്പതു വയസുകാരിയെ കാറിടിപ്പിച്ച് കോമയിലാക്കിയ അപകടത്തില്‍ പ്രതി പിടിയില്‍. വടകര സ്വദേശിനി ദൃഷാനയെ അപകടത്തിലാക്കിയ പുരമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയെ വടകര പൊലീസിന് കൈമാറും. ദൃഷാനയെ കോമയിലാക്കിയ അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിയാനിരിക്കെയാണ് ഷെജീല്‍ പിടിയിലാകുന്നത്.
ദൃഷാന ഒരുവര്‍ഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസില്‍ കാറോടിച്ച പ്രതി പിടിയില്‍. പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിനെയാണ് (35) കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്. അപകടശേഷം ഇന്‍ഷുറന്‍സ് തുകയും തട്ടി വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഡിസംബറില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റെന്നാണ് വിവരം. ഇയാള്‍ വരുന്ന വിവരം പോലീസും മനസ്സിലാക്കിയിരുന്നു. രഹസ്യമായി വരാന്‍ വേണ്ടിയാണ് ഷെജീല്‍ കോയമ്പത്തൂരില്‍ വിമാനം ഇറങ്ങിയത്. അതും ഗുണമുണ്ടാക്കിയില്ല.
വാഹനമിടിച്ച്, തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയും പേരക്കുട്ടി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. ഒമ്പത് മാസത്തിന് ശേഷമാണ് ഷെജീലിന്റെ കാറാണ് ഇരുവരെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയതെന്ന് കണ്ടെത്താനായത്. കോമയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ സ്ഥിര താമസമാണ് കുടുംബം. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തതോടെയാണ് ഷെജീല്‍ കുരുക്കിലാകുന്നത്. പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. പിന്നീടാണ് പ്രതി ഷെജീലാണെന്ന് കണ്ടെത്തുന്നത്. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി ഇയാള്‍ കാറില്‍ രൂപമാറ്റം വരുത്തിയിരുന്നു.
ഇടിച്ചിട്ട വാഹനം 10മാസത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണു പൊലീസ് കണ്ടെത്തിയത്. കെഎല്‍18 ആര്‍ 1846 എന്ന കാറാണു കുട്ടിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോയതെന്നും ഉടമയായ ഷെജിലാണു കാര്‍ ഓടിച്ചതെന്നും പൊലീസ് ശാസ്ത്രീയമായി കണ്ടെത്തി. അപകടത്തിനു ശേഷം വാഹനത്തില്‍ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്കു കടന്നു. പുറമേരി സ്വദേശിയാണു ഷെജില്‍. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തിനുശേഷം ഷെജില്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണു കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാര്‍ തകര്‍ന്നെന്നു പറഞ്ഞാണ് ഇന്‍ഷുറന്‍സ് നേടിയത്. ഇന്‍ഷുറന്‍സ് ക്ലെയിമിലും കേസെടുത്തിട്ടുണ്ട്.
ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്.
അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സര്‍ക്കാരില്‍ നിന്നും ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. എത്രയും പെട്ടന്ന് കാര്‍ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശവും നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുകയാണ് ദൃഷാന.