ആനന്ദകുമാറിന്റെ വീട്ടിലെ റെയ്ഡില്‍ ഇഡിയ്ക്ക് കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍; പല രേഖകളും വീട്ടില്‍ നിന്നും കടത്തിയെന്നും സംശയം; അനന്തുകൃഷ്ണന്റെ മൊഴിയെടുക്കലില്‍ തെളിവുകള്‍ പുറത്തു വരുമെന്ന പ്രതീക്ഷയില്‍ ക്രൈംബ്രാഞ്ചും; പാതിവില തട്ടിപ്പ്; അനന്തുവിന്റെ സ്ഥാപനത്തിലേയ്ക്ക് എത്തിയത് 548 കോടി; അന്വേഷകര്‍ നിര്‍ണ്ണായക നീക്കങ്ങളില്‍

Update: 2025-02-19 03:14 GMT

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നിര്‍ണ്ണായക റേഖകള്‍. സായ് ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന്റെ വീട്ടിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ വീട്ടിലും അടക്കമായിരുന്നു ഇ.ഡി റെയ്ഡ്. അനന്തു കൃഷ്ണന്റെ വീട്ടിലും എന്‍ജിഒ കൊണ്‍ഫെഡറേഷന്റെ ഓഫിസിലും പരിശോധന നടന്നു. പല രേഖകളും ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നുമെല്ലാം ആനന്ദകുമാര്‍ മാറ്റിയെന്നും സൂചനയുണ്ട്.

ആനന്ദകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള സായ്ഗ്രാമത്തിന്റെ ഓഫിസിലും ഇ.ഡി ഉദ്യോഗസ്ഥരെത്തി. ഇ.ഡിയുടെ കൊച്ചി ഓഫിസാണ് റെയ്ഡ് നടത്തിയത്. ആനന്ദ കുമാറിനു തട്ടിപ്പില്‍ മുഖ്യപങ്കെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. പദ്ധതി നടപ്പിലാക്കിയ ഏജന്‍സികളുടെ ഓഫിസിലും ഇ.ഡി ഉദ്യോഗസ്ഥരെത്തിയെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇ.ഡി എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ്. ആനന്ദകുമാര്‍ ഒളിവില്‍ തുടരുകയാണ്.

പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിന്റെ പ്രതികരണം. പാതിവിലക്ക് ഉല്‍പന്നങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ കോടികള്‍ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. 20163 പേരില്‍ നിന്ന് 60000 രൂപയും 4035 പേരില്‍ നിന്ന് 56000 രൂപയും കൈപറ്റി. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യല്‍ ബീ വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്ത് പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിനിടെയാണ് ഇഡി ഇടപെടല്‍.

കസ്റ്റഡിയില്‍ വാങ്ങിയ അനന്തുവിനെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിനുശേഷം തട്ടിപ്പ് നടന്ന വിവിധ മേഖലകളിലെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളുടെ കൈയില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് അനന്തുകൃഷ്ണനും സംഘവും തട്ടിയെടുത്തത് എന്ന് ഇഡിയും തിരിച്ചറിയുന്നു്.നേരത്തെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിവരങ്ങള്‍ ഇ ഡി ശേഖരിച്ചിരുന്നു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്നത് വ്യക്തമായിട്ടില്ല.

പിരിച്ചെടുത്ത പണം ചെലവഴിച്ചതടക്കം പുറത്തുവരണമെങ്കില്‍ ഇഡി അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ലാലി വിന്‍സന്റിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലാലിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍, അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും അന്നുവരെ നീട്ടി. പൊലീസ് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്.

Tags:    

Similar News