തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി; കള്ളന്‍ പൊട്ടിച്ചു കൊണ്ടു പോയത് നാലു പവന്റെ സ്വര്‍ണമാല: ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍

വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി; കള്ളന്‍ പൊട്ടിച്ചു കൊണ്ടു പോയത് നാലു പവന്റെ സ്വര്‍ണമാല

Update: 2025-02-25 01:28 GMT

രാജകുമാരി: വീടിന് പുറത്ത് തുണി അലക്കിക്കാെണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയ ശേഷം നാലു പവന്റെ സ്വര്‍ണമാല പൊട്ടിച്ച് കള്ളന്‍ കടന്നു. വീട്ടമ്മ ബഹളം വെച്ചതോടെ ഓടി എത്തിയ നാട്ടുകാര്‍ മോഷ്ടാവിനെ ഒന്നര കിലോമീറ്റര്‍ അകലെ നിന്നും പിടികൂടി പോലിസില്‍ ഏല്‍പിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി വസന്തകുമാറിനെ(34)യാണ് ശാന്തന്‍പാറ പാെലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ കൃത്യമായ ഇടപെടലാണ് കള്ളനെ പിടികൂടാന്‍ സഹായകമായത്.

ഇന്നലെ രാവിലെ 10ന് മുരിക്കുംതൊട്ടി പാണനാലില്‍ ഏബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി(60) യുടെ മാലയാണ് കള്ളന്‍ മോഷ്ടിച്ചത്. മേരിക്കുട്ടി വീടിനു പുറത്ത് തുണി അലക്കുമ്പോഴാണ് സംഭവം. പിന്നാലെയെത്തിയ വസന്തകുമാര്‍ മേരിക്കുട്ടിയുടെ മുഖം കൈകൊണ്ടമര്‍ത്തി ശബ്ദിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മേരിക്കുട്ടി പിടിവിടുവിക്കാനായി മല്‍പിടിത്തം നടത്തി. ഇതോടെ മോഷ്ടാവ് മേരിക്കുട്ടിയുടെ കാലില്‍ ചവിട്ടി വീഴ്ത്തിയ ശേഷം കത്തിയെടുത്ത് കഴുത്തില്‍ വച്ചു. ഇതോടെ മേരിക്കുട്ടി ഭയന്നു പോയി.

തുടര്‍ന്ന് മേരിക്കുട്ടിയുടെ കഴുത്തില്‍ കിടന്ന പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചു കള്ളന്‍ കടന്നുകളയുകയായിരുന്നു. പിന്നാലെയെത്തിയ മേരിക്കുട്ടി ബഹളം വച്ചതോടെ, അടുത്തുള്ള ഓഡിറ്റോറിയത്തിലെ ചടങ്ങിന് ഭക്ഷണമെത്തിച്ച കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഓടിയെത്തി കാര്യം തിരക്കി. പിന്നാലെ നാട്ടുകാരും എത്തി. തുടര്‍ന്ന് ഇവരും നാട്ടുകാരില്‍ ചിലരും വാഹനത്തില്‍ മോഷ്ടാവ് പോയ പൂപ്പാറ ഭാഗത്തേക്ക് പോയി. പോലിസിലും വിവരം അറിയിച്ചു.

ഈ സമയം വസന്തകുമാര്‍ പൂപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ കയറി പോയി. പിന്നാലെ വാഹനത്തിലെത്തിയ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരും നാട്ടുകാരും എസ്റ്റേറ്റ് പൂപ്പാറയില്‍ വച്ച് ഓട്ടോറിക്ഷ തടഞ്ഞ് ഇയാളെ പിടികൂടി. ഇതിനു മുന്‍പ് തന്നെ ശാന്തന്‍പാറ പാെലീസിനെ വിവരമറിയിച്ചതിനാല്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തിരച്ചിലില്‍ ആദ്യം വസന്തകുമാറിന്റെ പക്കല്‍ നിന്നു മാല കണ്ടെടുക്കാനായില്ല. തുടര്‍ന്ന് ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പരിശോധിച്ചപ്പോള്‍ മാറ്റിനടിയില്‍ നിന്നു മാല കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ വസന്തകുമാര്‍ ആറ് മാസത്തോളമായി പൂപ്പാറ മൂലത്തുറയിലെ വാടകവീട്ടിലാണ് താമസം.

ഏലത്തോട്ടത്തില്‍ ജോലി തേടിയെത്തിയ പ്രതി രണ്ടാഴ്ച മുന്‍പ് ഏബ്രഹാമിന്റെ കൃഷിയിടത്തിലും ജോലിക്കു വന്നിരുന്നു. പകല്‍ ഏബ്രഹാം തോട്ടത്തില്‍ പോയതിനു ശേഷം വീട്ടില്‍ മേരിക്കുട്ടി തനിച്ചാണെന്നു മനസ്സിലാക്കിയ പ്രതി മോഷണം നടത്താന്‍ പദ്ധതി തയാറാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏബ്രഹാംമേരിക്കുട്ടി ദമ്പതികളുടെ രണ്ട് മക്കളും വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടിലെ സാഹചര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ ശേഷമാണ് വസന്തകുമാര്‍ മോഷണത്തിന് പദ്ധതിയിട്ടത്.

Tags:    

Similar News