ചോക്ലേറ്റ് കഴിച്ച ശേഷം മകന്‍ ക്ലാസില്‍ കിടന്നുറങ്ങിയെന്ന് അമ്മ; കണ്ടെത്തിയ് ഉറക്കം ലഭിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നിന്റെ അംശം; മണര്‍കാടില്‍ നാലു വയസ്സുകാരന് സംഭവിച്ചത് എന്ത്? അന്വേഷണം എങ്ങുമെത്തുന്നില്ല; ലഹരി ചോക്ലേറ്റ് സത്യമോ?
കോട്ടയം: മണര്‍കാട് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതിയിലെ അന്വേഷണം എങ്ങും എത്തുന്നില്ല. മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകന്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ആണ് ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പക്ഷേ ലഹരി എങ്ങനെ എത്തിയെന്ന് പോലീസിന ്കണ്ടെത്താന്‍ കഴിയുന്നില്ല. സ്‌കൂള്‍ അധികാരികള്‍ക്കും ഇതേ കുറിച്ച് തുമ്പൊന്നുമില്ല.
കഴിഞ്ഞ ദിവസം കുട്ടിയെ അബോധ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ ലഹരി പദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. തിങ്കളാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അമ്മ പറഞ്ഞു. കുട്ടി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നെയുള്ളു. ഇതിനിടെയാണ് രക്തപരിശോധനയില്‍ ലഹരി കണ്ടെത്തിയത്. ഉറക്കം ലഭിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത്.
ചോക്ലേറ്റ് കഴിച്ച ശേഷം മകന്‍ ക്ലാസില്‍ വച്ചുതന്നെ ഉറങ്ങിയെന്ന് ടീച്ചര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. സ്‌കൂളില്‍നിന്ന് വന്നശേഷവും കുട്ടി ബോധമില്ലാത്തതു പോലെ കിടന്നുറങ്ങി. ശാരീരികാസ്വസ്തതകളും പ്രകടിപ്പിച്ചു. ഇതോടെ സംശയം തോന്നിയ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കുട്ടിയെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ചോക്ലേറ്റിന്റെ കവറിന്റെ ഫോട്ടോ അയച്ചുതന്നതായും കുട്ടിയുടെ അമ്മ പ്രതികരിച്ചു.
അതേസമയം സ്‌കൂളില്‍നിന്ന് കുട്ടിക്ക് ചോക്ലേറ്റൊന്നും നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ചോക്ലേറ്റില്‍ നിന്നാണോ കുട്ടിയുടെ ശരീരത്തിലേക്ക് ലഹരി എത്തിയതെന്നും ഇതുവരേയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.