വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചു; ലോ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചതിന് പിന്നാലെ; ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് അറസ്റ്റില്‍; യുവതിയുടെ ഫോണ്‍ കണ്ടെത്താനായില്ല; അന്വേഷണം തുടരുന്നു
ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; ആണ്‍സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനിയും തൃശൂര്‍ പാവറട്ടി സ്വദേശിയുമായ മൗസ മെഹ്റിസ് (20) ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് അല്‍ഫാന്‍ അറസ്റ്റില്‍. വൈത്തിരിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
ലോ കോളേജിന് സമീപത്തെ ഒരു കടയില്‍ പാര്‍ട്ട്ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂര്‍ സ്വദേശിയായ അല്‍ഫാനെ പരിചയപ്പെട്ടത്. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിച്ചു. മറ്റുള്ളവരുമായി ഇടപഴകുന്നതും യുവാവ് വിലക്കിയിരുന്നു.
മൗസ മരിച്ചതിന്റെ തലേദിവസം ഇയാള്‍ മൗസയുടെ വീട്ടില്‍ വിളിക്കുകയും വിവാഹിതനും കുട്ടികളുടെ പിതാവാണെന്നും അറിയിക്കുകയുമായിരുന്നു. വീട്ടില്‍ വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡ് ഇയാള്‍ തന്നെ പെണ്‍കുട്ടിയ്ക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം പെണ്‍കുട്ടിയുമായി തര്‍ക്കത്തിലായതോടെ താമസ സലത്തെത്തി ഫോണ്‍ കൈവശപ്പെടുത്തി ഒളിവില്‍ പോവുകയുമായിരുന്നു.
ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്‌റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷിക്കുന്നതിനിടെ അല്‍ഫാന്‍ ഒളിവില്‍പോവുകയായിരുന്നു.
ഇയാള്‍ക്കെതിരെ തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍, ഒളിവില്‍ പോയതോടെ അല്‍ഫാന് വേണ്ടി വ്യാപക തെരച്ചില്‍ പൊലീസ് നടത്തിയിരുന്നു. മരിച്ച മൗസ മെഹ്‌റിസിന്റെ ഫോണ്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച എന്തെങ്കിലും വിവരം അല്‍ഫാനില്‍ നിന്ന് കിട്ടുമോ എന്നാണ് പൊലീസ് നോക്കുന്നത്.
മൗസയുടെ ആത്മഹത്യയില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു.