ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി; രണ്ടുവര്‍ഷമായി വില്‍പനയില്‍ സജീവം; താമസം പിതൃമാതാവിനൊപ്പം; നാട്ടുകാര്‍ക്ക് 'അജ്ഞാതന്‍'; ഷാനിദിന്റെ വയറ്റില്‍ കണ്ടെത്തിയത് എംഡിഎംഎയുടെ രണ്ട് സിപ് കവര്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഷാനിദിന്റെ വയറ്റില്‍ കണ്ടെത്തിയത് എംഡിഎംഎയുടെ രണ്ട് സിപ് കവര്‍
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടുവെച്ച് പോലീസില്‍നിന്ന് രക്ഷപ്പെടുന്നതിനായി കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതിയോടെ വിഴുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുമ്പ് ഷാനിദിനെതിരെ രണ്ട് ലഹരിമരുന്ന് കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി എംഡിഎംഎ വില്‍ക്കുന്നതായി നാട്ടുകാര്‍ നേരത്തേ പരാതി ഉയര്‍ത്തിയിരുന്നുവെന്നാണ് വിവരം.
മൈക്കാവ് സ്വദേശി ഷാനിദ് ആണ് ഉയര്‍ന്ന തോതില്‍ എംഎഡിഎംഎ വയറ്റിലെത്തി മരണപ്പെട്ടത്. വെള്ളിയാഴ്ച പോലീസ് പട്രോളിങ്ങിനിടെയാണ് അമ്പായത്തോട്ടുവെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ടയുടന്‍ തന്നെ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ എടുത്ത് വിഴുങ്ങിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട പോലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടുകയായിരുന്നു.
പോലീസ് പിടികൂടിയപ്പോള്‍ത്തന്നെ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് പറഞ്ഞതിനാല്‍ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ടു പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
രണ്ടു കവറുകളിലായി എംഡിഎംഎയാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നു. മുകള്‍ഭാഗം അമര്‍ത്തിയൊട്ടിക്കുന്ന തരത്തിലുള്ള സിപ് കവറുകളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ പത്തുമണിയോടുകൂടിയാണ് ഷാനിദ് മരിക്കുന്നത്.
ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടില്‍ വന്ന ശേഷമാണ് ഷാനിദ് ലഹരിമരുന്ന് വില്‍പനയില്‍ സജീവമാകുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതേകാലോടു കൂടിയാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഉയര്‍ന്നതോതില്‍ എംഡിഎംഎ വയറ്റില്‍ കലര്‍ന്നതാണ് 24 മണിക്കൂറിനകം മരണത്തിനിടയാക്കിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഷാനിദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഷാനിദ് നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നില്ലെന്നാണ് അയാള്‍ താമസിച്ചിരുന്ന വീടിന് സമീപമുള്ളവര്‍ പറയുന്നത്. അമ്പായത്തോട് പാറമ്മല്‍ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടില്‍ പിതൃമാതാവിനൊപ്പമായിരുന്നു ഷാനിദ് താമസിച്ചിരുന്നതെന്നാണ് വിവരം. ഷാനിദിന് ലഹരിമരുന്ന് ഉപയോഗം ഉണ്ടായിരുന്നതായി പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നാണ് അയാളുടെ മുത്തശ്ശി പറയുന്നത്.
പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഷാനിദ് വീട്ടില്‍ എത്തിയിരുന്നത്. വൈകിയതിന്റെ പേരില്‍ ശകാരിക്കാറുണ്ടായിരുന്നെങ്കിലും തിരിച്ച് ദേഷ്യപ്പെടുകയോ കയര്‍ത്ത് സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. വീട്ടില്‍ ഇതുവരെ ലഹരി വസ്തുകള്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് ഷാനിദിന്റെ മുത്തശ്ശി പറയുന്നത്.
ണ്ട് വര്‍ഷത്തിലധികമായി ഷാനിദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഷാനിദ് താമസിച്ചിരുന്ന സ്ഥലത്ത് ആളുകളുമായി അയാള്‍ക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും പറയുന്നു. ഇടയ്ക്ക് വരുന്നത് പോകുന്നതും കാണുന്നത് മാത്രമാണ് നാട്ടുകാര്‍ കണ്ടിട്ടുള്ളതെന്നാണ് പരിസരവാസിയായ വ്യക്തി പറഞ്ഞത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട ആളുകളുടെ സാന്നിധ്യം സംബന്ധിച്ച സംശയം പോലീസില്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷാനിദ് സിന്തറ്റിക് ലഹരിയുടെ ഇരയാണെന്നും പോലീസും എക്സൈസും കാര്യക്ഷമമായി ഇടപെടല്‍ നടത്തണമെന്നുമാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. ഷാനിദ് ഉള്‍പ്പെടുന്ന കണ്ണിയില്‍ ഇനിയും നിരവധി ആളുകളുണ്ട്. ഇവരെ പുറത്തുകൊണ്ടുവരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കുറച്ച് കൂടി കാര്യക്ഷമമായ ഇടപെടന്‍ അത്യാവശ്യമാണെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഷാനിദിന്റെ വയറ്റില്‍ ചെന്നിരിക്കുന്നത് എംഡിഎംഎ ആണോ എന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധന്‍ ഡോ. സുല്‍ഫി നൂഹ് പ്രതികരിച്ചത്. ഷാനിദ് പറഞ്ഞതുപ്രകാരം രണ്ടുപൊതി എംഡിഎംഎ മുഴുവനായും വിഴുങ്ങിയെങ്കില്‍ അത് വലിയ അളവ് തന്നെയാണെന്ന് ഡോക്ടര്‍ പറയുന്നു. 'എംഡിഎംഎ പോലുള്ള ലഹരിമരുന്നുകള്‍ വളരെയെളുപ്പം ലഭിക്കുന്നു എന്നതാണ് ഷാനിദിന്റെ മരണം സൂചിപ്പിക്കുന്നത്. ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം ലഹരികളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമിതമായ അളവില്‍ ലഹരി അകത്തെത്തിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല'- ഡോ. സുല്‍ഫി നൂഹ് പറഞ്ഞു.