മുഖത്തും കണ്ണുകള്‍ക്ക് ചുറ്റിലും ചതവ് തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചു; ശരീരിക പീഡനം നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ച് കോടതി; കസ്റ്റഡിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടെന്ന് നടി രന്യ റാവു; സി.സി.ടി.വി. ദൃശങ്ങള്‍ ഉണ്ടെന്ന് അന്വേഷണ സംഘം

കസ്റ്റഡിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടെന്ന് നടി രന്യ റാവു

Update: 2025-03-10 13:10 GMT

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു കോടതിയില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥര്‍ കായികമായി തന്നെ വേദനപ്പിച്ചില്ലെങ്കിലും മോശം വാക്കുകളുപയോഗിച്ച് മാനസികമായി തകര്‍ത്തെന്ന് നടി പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

എന്നാല്‍ ചോദ്യം ചെയ്യല്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് പോലും നടി ഉത്തരം നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അറിയിച്ചു. കോടതിയില്‍ എന്ത് പറയണമെന്ന് നടിയെ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിച്ചതാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍ച്ച് 24 വരെ നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 3ന് ആണ് 14 കിലോ സ്വര്‍ണവുമായി നടി ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.

കസ്റ്റഡിയില്‍ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്ന കോടതിയുടെ അന്വേഷണത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ശാരീരികമായി യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിട്ടില്ല. എന്നാല്‍, തനിക്കെതിരേ ഉയരുന്ന ഭീഷണികളും അധിക്ഷേപങ്ങളും വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കുന്നതെന്നാണ് റന്യ കോടതിയില്‍ അറിയിച്ചത്. എന്നാല്‍, റന്യയുടെ ആരോപണം റവന്യു ഇന്റലിജെന്‍സ് നിഷേധിച്ചു. അറസ്റ്റ് മുതല്‍ ചോദ്യം ചെയ്യല്‍ വരെയുള്ള എല്ലാ നടപടി ക്രമങ്ങളുടെയും കൃത്യമായ സി.സി.ടി.വി. ദൃശങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

മുഖത്തും കണ്ണുകള്‍ക്ക് ചുറ്റിലും ചതവ് സംഭവിച്ചത് പോലെ തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ കേസില്‍ കോടതി ഇടപെട്ടത്. റന്യ റാവുവിനെ അറസ്റ്റ് ചെയ്തപ്പോഴോ അതിനുശേഷമോ ശരീരിക പീഡനം നേരിട്ടിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കര്‍ണാടക വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.

റന്യ റാവുവിനെ മാര്‍ച്ച് 24-വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെങ്കിലും മാര്‍ച്ച് 11-ന് ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. 14.56 കോടി രൂപ മൂല്യമുള്ള 14.2 കിലോഗ്രാം സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിനാണ് നടി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ബെംഗളൂരു വിമാനത്താവളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവുംവലിയ സ്വര്‍ണവേട്ടയാണെന്ന് ഡി.ആര്‍.ഐ. വ്യക്തമാക്കിയിരുന്നു. ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് നടി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.

അറസ്റ്റിന് പിന്നാലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി ഇന്ത്യന്‍ രൂപയുടെ കറന്‍സിയും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ആകെ 17.29 കോടിയുടെ തൊണ്ടിമുതലുകള്‍ കണ്ടെടുത്തതായി ഡി.ആര്‍.ഐ. അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രയുടെ വിശദാംശങ്ങള്‍ അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് റന്യ ദുബായ് സന്ദര്‍ശിച്ചത്. ഇതില്‍ തന്നെ കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണ ദുബായ് യാത്ര നടത്തിയിട്ടുണ്ട്.

Tags:    

Similar News