സര്‍വേ നടത്താനെന്ന പേരില്‍ വീട്ടിലെത്തി; വിവരങ്ങള്‍ ചോദിച്ചശേഷം വയോധിക സഹോദരിമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയടക്കം മൂന്ന് പ്രതികള്‍ പിടിയില്‍
കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
തിരുവനനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും പണവും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയടക്കം മൂന്നു പേര്‍ പിടിയിലായി. തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടില്‍ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നത്. സംഭവത്തില്‍ കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, ഇവരുടെ സുഹൃത്തായ കാര്‍ത്തിക എന്നിവരാണ് പിടിയിലായത്.
കരമന നെടുങ്കാട് പുതുമന ലെയ്‌നില്‍ വെച്ച് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലാണ് മൂന്നുപേരുമെത്തിയത്. പുതുമന ലെയ്‌നില്‍ ഹേമലത, ജ്യോതി പത്മജ എന്നിവര്‍ താമസിക്കുന്ന വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. സഹോദരിമാരായ ഹേമലതയും ജ്യോതി പത്മജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂന്നു ബൈക്കുകളിലായി രണ്ട് പുരുഷന്മാരും ഒരു യുവതിയുമാണ് വീട്ടിലേക്ക് എത്തിയത്.
സര്‍വേ നടത്താനെന്ന പേരില്‍ വീട്ടിലെത്തിയ സംഘം വീടിനകത്തു കയറി വിവരങ്ങള്‍ ചോദിച്ചശേഷമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് രണ്ടുപേരുടെയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്തശേഷം സ്ഥലം വിടുകയായിരുന്നു. പ്രതികള്‍ ഇടവഴിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കവര്‍ച്ച നടന്ന നാലു മണിക്കൂറിനുള്ളില്‍ തന്നെ കരമന പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപമുള്ള നെടുങ്കാട് പ്രതികള്‍ മോഷണം നടത്തിയത്. വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ മൂവര്‍സംഘം കത്തിയും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയശേഷം നാല് പവനിലധികം വരുന്ന സ്വര്‍ണമാലയും പണവും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
വീട്ടുകാര്‍ ഉടന്‍ തന്നെ സംഭവം പോലീസിനെ അറിയിച്ചു. ഇത്തുടര്‍ന്ന് സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തിറങ്ങി, സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കിട്ടിയ ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ മണിക്കൂറുകള്‍ക്കകം തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.