വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കം; ഉറക്കത്തിനിടെ മകന്റെ മര്‍ദ്ദനമേറ്റ് കട്ടിലില്‍ നിന്ന് താഴെവീണു; തലയ്ക്ക് ഗുരുതര പരിക്കേറ്റ പിതാവ് മരിച്ചു; മകന്‍ ഒളിവില്‍

കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു

Update: 2025-03-12 12:39 GMT

കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകന്‍ മര്‍ദിച്ചത്. സഹോദരന്മാര്‍ക്കൊപ്പം തറവാട്ടിലായിരുന്നു ഗിരീഷിന്റെ താമസം. ഗിരീഷും ഭാര്യയും തമ്മില്‍ ഒരു വര്‍ഷത്തോളമായി അകന്നുകഴിയുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. അമ്മയും മകനും മറ്റൊരു വീട്ടിലാണ് താമസം. സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം.

മര്‍ദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഗിരീഷ് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. നാളെയായിരിക്കും പോസ്റ്റ്മോര്‍ട്ടം. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

ആശുപത്രിയിലായിരിക്കെ കഴിഞ്ഞദിവസം ഇയാള്‍ അച്ഛനെ കാണാനെത്തിയിരുന്നു. മരണവിവരം അറിഞ്ഞതിനു പിന്നാലെ മകന്‍ ഒളിവില്‍പ്പോയതായാണ് വിവരം. പിതാവിനെ മകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം. പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.

Tags:    

Similar News