'വിവാഹ വാഗ്ദാനം നല്‍കി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു; മകള്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഐബി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടും പൊലീസ് കൃത്യമായി ഇടപെട്ടില്ല'; പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് മേഘയുടെ കുടുംബം; ആരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് മേഘയുടെ കുടുംബം

Update: 2025-03-30 10:04 GMT

തിരുവനന്തപുരം: പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ ഐബി ഉദ്യോഗസ്ഥ മേഘ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന ആരോപണവുമായി കുടുംബം. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതാണ് കുടുംബത്തിന്റെ ആരോപണം.

ഐബി ഉദ്യോഗസ്ഥനുമായ എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷ് ആണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് പരാതി നല്‍കിയതാണ്. എന്നാല്‍ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പോലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവില്‍ പോകാന്‍ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും കുടുംബം ആരോപിച്ചു.

പത്തനംതിട്ട കലഞ്ഞൂരിലെ മേഘയുടെ വീട്ടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി. ഐബി അന്വേഷണം വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കി. മേഘയുടെ മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കി. അന്വേഷണം ത്വരിതപ്പെടുത്താന്‍ ശ്രമിക്കുമെന്നും അതില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒളിവില്‍ പോയ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണ ഊര്‍ജിതം എന്നാണ് പോലീസ് വിശദീകരണം. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിര്‍ണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്തിന്റെ മൊഴിയെടുത്തിരുന്നു. ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിശദീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ മേഘയെ മാര്‍ച്ച് 24ന് രാവിലെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മേഘയെ മരണത്തിലേക്കു നയിച്ചത് എടപ്പാള്‍ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്നാണു കുടുംബത്തിന്റെ ആരോപണം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന വിവരം വ്യക്തമായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായാണ് മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞത്. ആദ്യ കാലങ്ങളില്‍ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിനു രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണു പോയിട്ടുള്ളതെന്നും മധുസൂദനന്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവില്‍ പോയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെന്നും പൊലീസ് അറിയിച്ചു. മേഘയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്നാണ് പിതാവ് മധുസൂദനന്‍ ആരോപിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ആളെ നിരീക്ഷണത്തില്‍ വയ്ക്കുന്നതില്‍ പൊലീസിനു വീഴ്ച്ചപറ്റിയെന്നും മധുസൂദനന്‍ ആരോപിക്കുന്നു.

Tags:    

Similar News