ചുരുങ്ങിയ ചെലവില്‍ ഭവനനിര്‍മാണം; നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വ്യാജരേഖകള്‍ ചമച്ചു; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ വിവേക് ഒബ്‌റോയുടെ കമ്പനിയില്‍ ഇഡി റെയ്ഡ്; 19 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി

വിവേക് ഒബ്‌റോയുടെ കമ്പനിയില്‍ ഇഡി റെയ്ഡ്

Update: 2025-03-30 15:08 GMT

മുംബൈ: ഭവന പദ്ധതി തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുമായി ബന്ധപ്പെട്ട കമ്പനിയില്‍ ഇ.ഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസില്‍ കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇ.ഡി കണ്ടുകെട്ടിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ഭവനനിര്‍മാണ പദ്ധതിയില്‍ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് നിലവില്‍ അന്വേഷിക്കുന്നത്.

2023ല്‍ കേസ് പരിഗണിക്കവേ വിവേക് ഒബ്‌റോയ് കൂടി പങ്കാളിയായ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമര്‍ശിച്ചിരുന്നു. കാറത്തിന്‍ കീഴിലുള്ള വിവിധ ഭവനപദ്ധതികളെ വിവേക് ഒബ്‌റോയ് പ്രൊമോട്ട് ചെയ്തിരുന്നു. ചുരുങ്ങിയ ചെലവില്‍ ഭവനനിര്‍മാണം എന്ന പേരില്‍ തുടങ്ങിയ പദ്ധതിയില്‍ 11,500 പേര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭവനങ്ങള്‍ ലഭിച്ചിരുന്നില്ല.

പദ്ധതിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കമ്പനി വ്യാജരേഖകള്‍ ചമച്ചുവെന്നും കൃഷിഭൂമി കാര്‍ഷികേതര ഭൂമിയായി കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും അധികൃതര്‍ പറയുന്നു. പദ്ധതിയില്‍ വിശ്വസിച്ച് കാലങ്ങളായി സ്വരുകൂട്ടിയ പണമാണ് പലരും കമ്പനിയെ ഏല്‍പ്പിച്ചത്. കേസില്‍ ഇ.ഡി വന്നതോടെ വിഷയം രാജ്യശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. കമ്പനിയില്‍ നിന്നും കണ്ടുകെട്ടിയ പണംകൊണ്ട തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

അതേസമയം കേസില്‍ നിയമനടപടികള്‍ തുടരവേ വിവേക് ഒബ്‌റോയ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന് പ്രശംസയുമായി എത്തി. ചിത്രത്തിന്റെ ഒന്നാം ഭാഗമായ ലൂസിഫറില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം എക്‌സില്‍ കുറിച്ചു.

Similar News