അമ്മിക്കല്ല് ഉപയോഗിച്ചു വാതില്‍ തകര്‍ത്തു അകത്തു കടന്നു; ദമ്പതികളെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ചത് കോടാലി; വീട്ടിലെ വളര്‍ത്തു നായ്ക്കളും അവശനിലയില്‍; നായ്ക്കള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സൂചന; മൃതദേഹങ്ങള്‍ വിവസ്ത്രമാക്കിയത് വിരല്‍ചൂണ്ടുന്നത് പ്രതികാര ബുദ്ധിയിലേക്ക്; അന്വേഷണം ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്

അമ്മിക്കല്ല് ഉപയോഗിച്ചു വാതില്‍ തകര്‍ത്തു അകത്തു കടന്നു

Update: 2025-04-22 06:43 GMT

കോട്ടയം: നാടിനെ നടുക്കി തിരുവാതുക്കലില്‍ വ്യവസായിയുടെ ഭാര്യയുടെയും മരണം. ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നാണ് പ്രാഥമിക വിവരം. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. വിജയകുമാര്‍-മീര ദമ്പതികളെയാണ് വീട്ടിലെ ഇരുമുറികളായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ മുന്‍പ് ജോലിക്കുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന സംശയത്തിലാണ് പൊലീസും പ്രദേശവാസികളും. കൊലപാതകത്തിന്റെ രീതി സൂചിപ്പിക്കുന്നത് വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് സൂചനകള്‍.

ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി അക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതില്‍ തകര്‍ത്തത്.

മുഖത്ത് ആയുധം കൊണ്ടുള്ള മുറിവുകളുണ്ട്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മോഷണശ്രമം നടന്നിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ട് പേരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല.

വിജയകുമാറിന്റെ മകന്റെ മരണത്തിലും ദുരൂഹത ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഏഴ് വര്‍ഷം മുമ്പാണ് വിജയകുമാറിന്റെ മകന്‍ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. മകന്റെ മരണവും ഇപ്പോഴത്തെ സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്. മകന്റെ മരണത്തില്‍ സിബിഐ കഴിഞ്ഞ മാസം 21 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ ഇട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം.

വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

Tags:    

Similar News