ഡിവൈഎഫ്ഐയുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് റീലാക്കിയത് രണ്ട് ദിവസം മുമ്പ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായത് വീടിന് സമീപത്തുനിന്നും; സ്റ്റേഷന്‍ ജാമ്യം പൊലീസിന്റെ കള്ളക്കളി? പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍

Update: 2025-07-13 09:36 GMT

പത്തനംതിട്ട: അടൂരില്‍ കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശി മുഹമ്മദ് സബീറില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് അടൂര്‍ പൊലീസ് അറിയിച്ചു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അളവ് കുറച്ചു കാണിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ രക്ഷപ്പെടുത്തിയെന്നാരോപിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കോണ്‍ഗ്രസ് കൊടിമരം തകര്‍ക്കുന്നതിന്റെ വീഡിയോ മുഹമ്മദ് സബീര്‍ റീല്‍സാക്കിയിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് സബീര്‍ കഞ്ചാവുമായി പിടിയിലായത്. എന്നാല്‍ സബീറിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

സബീറില്‍ നിന്ന് കൂടുതല്‍ അളവില്‍ കഞ്ചാവ് പിടിച്ചിട്ടുണ്ടെന്നും സ്റ്റേഷന്‍ ജാമ്യം കിട്ടാനായി മൂന്ന് ഗ്രാമാക്കി സിപിഎം നേതൃത്വവുമായി ഒത്തു കളിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

മൂന്ന് ഗ്രാം കഞ്ചാവാണ് പിടിച്ചതെന്നത് സ്റ്റേഷന്‍ ജാമ്യം കിട്ടാനായി പൊലീസിന്റെ കള്ളക്കളിയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഉപരോധമടക്കം നടത്തി. ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണോ പിടിയിലായതെന്നത് അന്വേഷിച്ച് മറുപടി നല്‍കാമെന്നാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പറയുന്നത്.

അടൂരിലെ വീടിന് സമീപത്ത് നിന്നാണ് സബീറിനെ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്ഐ അടൂരില്‍ സംഘടിപ്പിച്ച മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ച ആളാണ് സബീര്‍. കൊടിമരം നശിപ്പിക്കുന്നതിന്റെ വീഡിയോ സബീര്‍ റീല്‍സാക്കി സാമാഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവുമായി പിടിയിലാകുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.

Tags:    

Similar News