അമേരിക്കയില്‍ കയറി പറ്റിയത് നിയമ വിരുദ്ധമായി; യുഎസിലും പഞ്ചാബിലും കുറ്റകൃത്യങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കൊടും ഭീകരന്‍; ഇന്ത്യയെ വെല്ലുവിളിക്കുന്ന ഭീകരരുടെ ഒളിത്താവളമായി യുഎസ് മാറിയോ? എഫ് ബി ഐ പൊക്കിയത് ഇന്ത്യ തേടുന്ന കൊടും ഭീകരനെ; 'മോസ്റ്റ് വാണ്ടഡ്' ക്രിമിനല്‍ പവിത്തര്‍ സിങ് ബട്ട്ല അകത്താകുമ്പോള്‍

Update: 2025-07-13 13:33 GMT

വാഷിങ്ടണ്‍: യുഎസില്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്ബിഐ) ഏജന്‍സി അറസ്റ്റുചെയ്ത എട്ട് ഖലിസ്താന്‍ തീവ്രവാദികളില്‍ ഒരാള്‍ ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനല്‍. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നോട്ടമിട്ട പവിത്തര്‍ സിങ് ബട്ട്ലയാണ് എഫ്ബിഐയുടെ പിടിയിലായത്. അമേരിക്കയിലാണ് ഇയാളുടെ സ്ഥിരതാമസം. പഞ്ചാബില്‍ നിന്നുള്ള അധോലോകനേതാവാണ് പവിത്തര്‍. നിരോധിത ഭീകരവാദ സംഘടനയായ ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) അംഗമാണ്. നിരവധി ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ തിരഞ്ഞുകൊണ്ടിരുന്ന പ്രതിയാണ് പവിത്തര്‍. ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്.

പവിത്തറിനെ കൂടാതെ ദില്‍പ്രീത് സിങ്, അമൃത്പാല്‍ സിങ്, അഷ്പ്രീത് സിങ്, മന്‍പ്രീത് രണ്‍ധാവ, സരബ്ജിത് സിങ്, ഗുര്‍താജ് സിങ്, വിശാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. കാലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ കൗണ്ടിയില്‍ നടന്ന ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ടാണ് എട്ട് കുറ്റവാളികളും എഫ്ബിഐയുടെ പിടിയിലായത്. തട്ടിക്കൊണ്ടുപോകല്‍, പീഡനം, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സാക്ഷിയെ ഭീഷണിപ്പെടുത്തല്‍, തോക്കുപയോടിച്ചുള്ള കയ്യേറ്റം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റവാളികളെയെല്ലാം കോടതിയില്‍ ഹാജരാക്കിയ ശേഷം സാന്‍ ജോക്വിന്‍ കൗണ്ടി ജയിലിലേക്ക് മാറ്റി.

ഒരു മെഷീന്‍ ഗണ്‍, രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വെടിയുണ്ട നിറച്ച ഹാന്‍ഡ് ഗണ്‍, ഫുള്ളി ഓട്ടോമാറ്റിക് ഗ്ലോക് അടക്കം ആറ് തോക്കുകള്‍, വ്യത്യസ്തമായ വെടിക്കോപ്പുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. പതിമൂന്ന് ലക്ഷത്തോളം രൂപ മതിക്കുന്ന ഡോളറും പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തോക്കുകളില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ശേഷിയുള്ള മാഗസിനുകളും ഷോര്‍ട്ട് ബാരല്‍ റൈഫിളുകളും നിയമവിരുദ്ധമായി നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രതികള്‍ക്ക് മേല്‍ ചുമത്തി.

നിരോധിത ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ (ബികെഐ) നിര്‍ദ്ദേശപ്രകാരം ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ബടാലയെ തിരയുന്നത്. ബടാലയ്ക്കെതിരെ ഭീകരവിരുദ്ധ ഏജന്‍സിയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിയമവിരുദ്ധമായി പ്രവേശിച്ചതിനുശേഷം, അവര്‍ അമേരിക്കയില്‍ മാത്രമല്ല, പഞ്ചാബിലും തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു.

ഗോള്‍ഡി ബ്രാര്‍, അന്‍മോള്‍ ബിഷ്ണോയ്, രോഹിത് ഗോദാര തുടങ്ങിയ നിരവധി വലിയ ഗുണ്ടാസംഘങ്ങളുടെയും തീവ്രവാദികളുടെയും പുതിയ ഒളിത്താവളമായി അമേരിക്ക മാറിയിരിക്കുന്നു. ഈ ഗുണ്ടാസംഘങ്ങള്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കുന്നു. ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നും സാധ്യമായ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ഗുണ്ടാസംഘങ്ങള്‍ യുഎസിലേക്ക് രക്ഷപ്പെടുന്നു.

Tags:    

Similar News