ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹത; ഫാണും ലാപ്‌ടോപ്പും കാണാനില്ല; ആ അമ്മയേയും മകളേയും കൊന്ന് കെട്ടിത്തൂക്കിയതോ? ഷാര്‍ജയിലെ മരണത്തില്‍ കേരളത്തില്‍ പോസ്റ്റുമോര്‍ട്ടം; ഡിവോഴ്‌സ് നോട്ടീസിലും സംശയങ്ങള്‍

Update: 2025-07-13 16:36 GMT

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കുടുംബം. വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിലും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും നഷ്ടമായതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. സ്ത്രീധന പീഡനത്തിനും മര്‍ദ്ദനത്തിനും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അഭിഭാഷകനായ മനോജ് കുമാര്‍ പള്ളിമണ്‍ വിശദീകരിച്ചു.

നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. അതിനാല്‍ ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന്റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്ന് വിപഞ്ചികയുടെ കുംടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഷാര്‍ജയിലെ പരിശോധനകളില്‍ വിശ്വാസമില്ലെന്നും നാട്ടില്‍ എത്തിക്കുന്ന മതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്നും കുടുംബം അറിയിച്ചു.

ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്‌ടോപ്പും കാണാതായതും അന്വേഷിക്കണം. ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി അമ്മ അത്മത്യ ചെയ്തതാണെന്ന വാദത്തെ വിപഞ്ചികയുടെ കുടുംബം തള്ളുന്നു. നിതീഷിന്റെ അച്ഛന്റെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

കൊല്ലം സ്വദേശിനിയും ഒന്നരവയസ്സുള്ള മകളും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് കൂടുതല്‍ ദൂരൂഹതകളും ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് കേരളപുരം സ്വദേശി നിതീഷും കുടുംബാം?ഗങ്ങളും ചേര്‍ന്ന് വിപഞ്ചികയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് വിപഞ്ചികയുടെ അമ്മ ആരോപിച്ചു. സ്വര്‍ണത്തിനും പണത്തിനും വേണ്ടിയായിരുന്നു ഉപദ്രവം. നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പും ശബ്ദ സന്ദേശങ്ങളും അടക്കമുള്ള തെളിവുകള്‍ സമര്‍പ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നുമാണ് കുടുംബം പറയുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനിയറായ നിതീഷും കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു. മരണത്തിനു മുമ്പുള്ള ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. നിലവില്‍ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍.

Tags:    

Similar News