അകന്നു പോയ ഭാര്യയ്ക്കും മകള്‍ക്കും നേരെ മുളകുപൊടിയെറിഞ്ഞ് ചുറ്റിക കൊണ്ട് ആക്രമണം; ഭാര്യയുടെ തലയോട്ടി തകര്‍ന്നു; മകള്‍ക്കും ഗുരുതര പരുക്ക്; കോന്നിയില്‍ ഭാര്യയെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍

Update: 2025-07-13 10:00 GMT

കോന്നി: അകല്‍ച്ചയിലും വിരോധത്തിലും കഴിഞ്ഞു വരുന്ന ഭാര്യയെയും പതിനേഴ് വയസുള്ള മകളെയും മുഖത്ത് മുളകുപൊടി വിതറിയശേഷം ചുറ്റിക കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കോന്നി പോലീസ് പിടികൂടി. അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ വീട്ടില്‍ ആര്‍ ബിജുമോന്‍ (43) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഇയാളില്‍ നിന്നും പിണങ്ങിക്കഴിയുന്ന ഭാര്യ പ്രിയക്കും (38) മൂത്തമകള്‍ ദേവികയ്ക്കുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

ഇരുകൂട്ടരും ഒരുമിച്ചു താമസിച്ചു വന്നിരുന്ന ചെമ്പിലാക്കല്‍ വീട്ടില്‍ ഉച്ചക്ക് എത്തിയ പ്രതി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കൈയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചു തലയോട്ടി പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലക്ക് പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചു പരുക്കേല്‍പ്പിച്ചു.

നിലവിളിച്ചു കൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തു കിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്ക് പറ്റിയ പ്രിയയും മകളും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയക്ക് നെറ്റിക്കു മുകളില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായി. മകളുടെ തലയുടെ പിന്നില്‍ മുറിവും, ഇടതുവശം ചെവിയുടെ മുകളില്‍ തലയിലും മുറിവും കൈകളില്‍ ചതവും ഉണ്ടായി. എസ് സി പി ഒ ടി സുബിന്‍ ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ പി കെ പ്രഭയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും, മകളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് അപ്രകാരം ചെയ്യാതെ പ്രവര്‍ത്തിച്ചതിനു ബാലനീതി നിയമ പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു.

പ്രതി സംഭവശേഷം ഒളിവില്‍ പോയി. പിന്നീട് നടത്തിയ തെരച്ചിലില്‍ കോന്നി ടൗണില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ നിരീക്ഷണത്തില്‍ വച്ച പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് 11 ന് രാത്രി 11 ന് അറസ്റ്റ് ചെയ്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പിന്നീട് കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News