തൂങ്ങിമരണമെന്ന് അധികൃതര്‍ വിധിയെഴുതി; പുറത്തുവന്നത് സമാനതകള്‍ ഇല്ലാത്ത ക്രൂരത; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല
സിദ്ധാര്‍ത്ഥന്റെ മരണം; 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി
കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്. ഈ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല വ്യക്തമാക്കി. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെന്നാണ് കേസ്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് ക്രൂര മര്‍ദ്ദനത്തിന്റെ വാര്‍ത്തയിലേക്കാണ്.
സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥനെതിരെ നടന്നത്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു സിദ്ധാര്‍ത്ഥനെതിരെ ക്രൂര മര്‍ദ്ദനം നടന്നത്. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവിലാണ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.