ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെ കണ്ടെത്താനാവാതെ പൊലീസ്; സര്‍വീസില്‍ നിന്നും പുറത്താക്കാനുളള നടപടികളുമായി ഐ ബി
സുകാന്തിനെ സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ ഐ.ബി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടിയുമായി ഇന്റലിജന്‍സ് ബ്യൂറോ. സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികള്‍ ആരംഭിച്ചു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഐ ബി ജോയിന്റ് ഡയറക്ടര്‍ക്ക് ഉടന്‍ കൈമാറും എന്നാണ് വിവരം. അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികള്‍ ഐ ബി വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിനാണ് നീക്കം. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമ തടസ്സങ്ങള്‍ ഇല്ലെന്ന് ഐ ബി വിലയിരുത്തുന്നു. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരത്തെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് മേധാവി അരവിന്ദ് മേനോന്‍ ഐപിഎസിനാണ് മേല്‍നോട്ട ചുമതല. അതേസമയം ഐബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവില്‍ പോയ സുകാന്ത് സുരേഷിനെ ഇനിയും പോലീസിനെ കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സുകാന്തിനെതിരേ ബലാത്സംഗകുറ്റവും ചുമത്തിയിട്ടുണ്ട്. മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. വ്യാജരേഖയുണ്ടാക്കി യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ സുകാന്ത് സുരേഷ് ശ്രമം നടത്തിയിരുന്നു.
ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ശേഷം ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.