സിപിമ്മിന് തൃശൂര്‍ ജില്ലയില്‍ നൂറ് കോടിയുടെ രഹസ്യ സ്വത്ത്; തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്നു; ഏജന്‍സികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു; കരുവന്നൂര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിപിഎമ്മിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങളും

സിപിമ്മിന് തൃശൂര്‍ ജില്ലയില്‍ നൂറ് കോടിയുടെ രഹസ്യ സ്വത്ത്

Update: 2025-04-12 06:43 GMT

കൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തൃശൂര്‍ ജില്ലയില്‍ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പു ഫണ്ട് പിരിവിനായി അടക്കം സിപിഎം സ്വീകരിക്കുന്ന ശൈലിയെയാണ് ഇഡി റിപ്പോര്‍ട്ടില്‍ തുറന്നു കാട്ടുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി പാര്‍ട്ടി ജില്ലയില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്നുവെന്നാണ് ഇഡിയുടെ കമ്‌ടെത്തല്‍. ഇലക്ഷന്‍ കമ്മീഷന്റെയും അന്വേഷണ ഏജന്‍സികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി തന്ത്രപൂര്‍വം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയായിരുന്നെന്ന് ഇഡി പറയുന്നു. പാര്‍ട്ടി ലെവി, തെരഞ്ഞെടുപ്പ് ഫണ്ട്, കരുവന്നൂര്‍ ബാങ്കില്‍ നിന്നുള്ള നിയമവിരുദ്ധ വായ്പകളുടെ ഗുണഭോക്താക്കളില്‍ നിന്നുള്ള കമ്മീഷന്‍, നോമിനേറ്റഡ് അംഗങ്ങളുടെ സംഭാവനകള്‍ എന്നിവയാണ് നിക്ഷേപങ്ങളുടെ ഉറവിടമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഇഡി കേസില്‍ പരാമര്‍ശിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്താന്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച ഫണ്ട് പാര്‍ട്ടിക്ക് വേണ്ടി ഭൂമി വാങ്ങല്‍, കെട്ടിടനിര്‍മാണം, യോഗങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ക്കായി ചെലവിട്ടതായും ഇഡി പറയുന്നു. വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍, പാര്‍ട്ടി ഓഫീസിന്റെ ആസ്തികള്‍ എന്നിവ പാര്‍ട്ടി ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളില്‍ ഓഡിറ്റ് ചെയ്ത കണക്കുകളില്‍ കാണിച്ചിട്ടില്ലെന്നും ഇഡി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുകള്‍ കാണിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും ഇഡി പറയുന്നു.

2023 മാര്‍ച്ച് 31 വരെയുള്ള സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍, 17 ഏരിയ കമ്മിറ്റികളിലായി വെളിപ്പെടുത്താത്ത 25 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയതായും ഈ അക്കൗണ്ടുകളില്‍ 1.73 കോടി രൂപയും 63.98 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ടെന്നും ഇഡി പറയുന്നു. കൂടാതെ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലെ യഥാര്‍ത്ഥ നിക്ഷേപം 100 കോടി രൂപ കവിയുമെന്നും കരുതുന്നു. കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ 2023 നവംബര്‍ 30 വരെയുളളതാണെന്നും ഇഡി പറയുന്നു.

അതേസമയം കേസിലെ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച അന്വേഷണത്തിലെ കണ്ടെത്തലില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കും. സിപിഎമ്മിനെ പ്രതിചേര്‍ത്തതും, പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങളും ഇഡി പോലീസ് മേധാവിക്ക് കൈമാറും. പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബേങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.

അതേസമയം, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പോലീസ് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാലു വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ഇന്നലെ ചോദിച്ചിരുന്നു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. ഇഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേസ് അന്വഷണത്തിന് ഒറിജിനല്‍ രേഖകള്‍ തന്നെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോഴത്തെ നിലയില്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ മൂന്നു മാസത്തെ സമയം വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

Tags:    

Similar News