ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചു; മറുപടിയായി പെന്റഗണും ആണവ പരീക്ഷണത്തിന്; ചൈനീസ് പ്രസിഡന്റിന് കൈകൊടുക്കും മുമ്പ് ട്രംപ് ഉത്തവിട്ടത് ആണവ യുദ്ധത്തിന് വഴിയൊരുക്കും പരീക്ഷണത്തിന്; അമേരിക്കയും ചൈനയും ഭായി-ഭായി; ടിക് ടോക്കില്‍ ചര്‍ച്ച തുടരും

Update: 2025-10-30 04:17 GMT

ബുസാന്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായി അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെന്റഗണിന് ആണവ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഉത്തരവിട്ടത് ലോകത്തെ അമ്പരപ്പിച്ചു 1992-ന് ശേഷം അമേരിക്ക നടത്തുന്ന ആദ്യത്തെ ആണവ പരീക്ഷണമാണിത്. റഷ്യയും ചൈനയും ആഗോള ആയുധ മല്‍സരത്തില്‍ മുന്നേറുന്നത് തടയാനും അവരോട് കിടപിടിക്കാനുമാണ് ഈ നീക്കമെന്ന് ട്രംപ് വിശദീകരിച്ചു. ഈ നീക്കം ആഗോള ആണവായുധ നിയന്ത്രണ ശ്രമങ്ങള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുമെന്നും, അമേരിക്കയും റഷ്യയും ചൈനയും തമ്മിലുള്ള ആയുധമത്സരം കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

'ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ അമേരിക്കയ്ക്കുണ്ട്,' ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. തന്റെ ആദ്യ ഭരണകാലത്ത് ആയുധങ്ങള്‍ പൂര്‍ണ്ണമായി നവീകരിച്ചുവെന്നും, വലിയ വിനാശകരമായ ശക്തിയുള്ളതിനാല്‍ ഇത് ചെയ്യാന്‍ താന്‍ വെറുത്തിരുന്നുവെങ്കിലും മറ്റ് മാര്‍ഗ്ഗമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ ആണവശക്തികളില്‍ രണ്ടാമതും ചൈന പിന്നിലാണെങ്കിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും അമേരിക്കയുടെ നിലവാരത്തിലെത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികള്‍ കണക്കിലെടുത്ത്, ആണവ പരീക്ഷണങ്ങള്‍ തുല്യ അടിസ്ഥാനത്തില്‍ ഉടന്‍ ആരംഭിക്കാന്‍ താന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധങ്ങളില്‍ അയവുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കൂടിക്കാഴ്ചയായിരുന്നു ട്രംപും ഷീയും തമ്മില്‍ ബുസാനില്‍ നടന്നത്. ഈ ഹസ്തദാനം ഇരുനേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള സംഭാഷണമായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇരുരാജ്യങ്ങളും തമ്മിലുള്ള 'പ്രശ്‌നങ്ങല്‍' അംഗീകരിച്ചപ്പോള്‍, ട്രംപ് ഷീയെ ഒരു 'കടുത്ത വിലപേശല്‍ക്കാരന്‍' എന്ന് വിശേഷിപ്പിച്ച് തമാശ പറഞ്ഞു. ആണവ പരീക്ഷണത്തെക്കുറിച്ചുള്ള തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ട്രംപ് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും 'നന്ദി' പറഞ്ഞ് ചോദ്യോത്തര വേള അവസാനിപ്പിക്കുകയും ചെയ്തു.

ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 'ചില രാജ്യങ്ങള്‍' ആണവായുധങ്ങള്‍ പരീക്ഷിക്കുന്നതിനു മറുപടിയായാണ് നടപടിയെന്ന് ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങളേക്കാള്‍ ആണവായുധങ്ങള്‍ യുഎസിനുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ആണവ ശേഷിയുള്ളതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ റഷ്യ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചത്. പൊസൈയ്ഡന്‍ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണാണ് പരീക്ഷിച്ചത്. ആണവോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈലും റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ദക്ഷിണ കൊറിയയിലെ ബുസാനില്‍ എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. വിശദമായ ചര്‍ച്ചകള്‍ ഇന്നു നടക്കും. ആറു വര്‍ഷത്തിനുശേഷമാണ് രണ്ടു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. തീരുവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന സൂചന ട്രംപ് നല്‍കി. ചൈനയുമായി ദീര്‍ഘകാലത്തേക്ക് അതിഗംഭീരമായ ബന്ധമുണ്ടാകുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് ഷി ചിന്‍പിങ് പറഞ്ഞു.

ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികള്‍ക്കു വില്‍ക്കുന്നതു ഇനി പ്രധാന ചര്‍ച്ചയാകും. ചൈനയില്‍നിന്നുള്ള അപൂര്‍വ ധാതു കയറ്റുമതി നിയന്ത്രണം മരവിപ്പിക്കുന്നതും യുഎസില്‍നിന്നുള്ള സെമി കണ്ടക്ടര്‍ ചിപ് കയറ്റുമതി നിയന്ത്രണം എടുത്തുകളയുന്നതും സംബന്ധിച്ച് തീരുമാനമാകും.

Tags:    

Similar News