33 രൂപ ഓണറേറിയം കൂട്ടിയതില്‍ തൃപ്തരല്ല; വിരമിക്കല്‍ ആനുകൂല്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല; സംസ്ഥാനമല്ല കേന്ദ്രമാണ് ഓണറേറിയം വര്‍ദ്ധിപ്പിക്കേണ്ടതെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞു; 700 രൂപ പ്രതിദിന വേതനം നേടിയെടുക്കും വരെ സമരം ശക്തമായി തുടരും; നിലപാട് കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍
സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വര്‍ക്കര്‍മാര്‍
തിരുവനന്തപുരം: പ്രതിദിനം 33 രൂപ വര്‍ധിപ്പിച്ചാല്‍ സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വര്‍ക്കര്‍മാര്‍. മുഖ്യമന്ത്രിയുടെ ഓണറേറിയം വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനത്തിന് ശേഷവും നിലപാട് കടുപ്പിച്ചിരിക്കുകയാണ് സമരക്കാര്‍. സമരം തുടരുമെന്നും, അതിന്റെ തുടര്‍ രൂപങ്ങള്‍ അടുത്ത ദിവസം ചര്‍ച്ച ചെയ്യുമെന്നും ആശാ സമര നേതാവ് മിനി പ്രതികരിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാറല്ല, കേന്ദ്ര സര്‍ക്കാരാണ് എന്നതായിരുന്നു സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറാണ് ഓണറേറിയം വര്‍ധിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഇന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഇതിനോടകം തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകള്‍ക്കുള്ള മറുപടി കൂടിയാണിതെന്ന് ആശ സമര നേതാവ് മിനി പ്രതികരിച്ചു.
233 രൂപ എന്ന ഇപ്പോള്‍ കിട്ടിക്കൊണ്ടിരുന്ന വേതനം കുടിശികയായി എന്നതും സര്‍ക്കാര്‍ സമ്മതിച്ചു. അത് കുടിശികയില്ലാതെ നല്‍കുമെന്ന് സമ്മതിച്ചു. ഞങ്ങളുന്നയിച്ചത് കാതലായ കാര്യങ്ങളായിരുന്നു എന്നതും മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അംഗീകരിച്ചു.
എന്നാല്‍, ഈ വാഗ്ദാനങ്ങള്‍ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിദിനം 700 രൂപ വേതനം വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു.
കൂടാതെ, വിരമിക്കല്‍ ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും ആശാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ വിരമിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമ്പോള്‍, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നത് വേദനാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഇന്നുപ്രഖ്യാപിച്ചത്. 26,125 പേര്‍ക്കാണ് ഇതിന്റെ പയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവര്‍ഷം 250 കോടി രൂപയാണ് ചെലവാകുക. ഇവര്‍ക്ക് ഇതുവരെയുള്ള കുടിശികയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
