ലീഗ് മത്സരത്തിലെ തോല്‍വിക്ക് മധുര പ്രതികാരം ! ഇംഗ്ലണ്ടിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തടയിട്ട് ദക്ഷിണാഫ്രിക്കന്‍ കുതിപ്പ്; വനിത ഏകദിന ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് 125 റണ്‍സിന്
വനിത ഏകദിന ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റായി ദക്ഷിണാഫ്രിക്ക
ഗുവാഹത്തി: ലീഗ് റൗണ്ടില്‍ തങ്ങള്‍ 70 ന് താഴെ ഓള്‍ ഔട്ടാക്കിയ ദക്ഷിണാഫ്രിക്കയെ പ്രതീക്ഷിച്ചു സെമിഫൈനല്‍ പോരാട്ടത്തിനെത്തിയ ഇംഗ്ലണ്ടിന് തെറ്റി. ടൂര്‍ണ്ണമെന്റില്‍ ഉടനീളം പുറത്തെടുത്ത മികവ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയപ്പോള്‍ വനിത ഏകദിന ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന ഒന്നാം സെമിഫൈനലില്‍ 125 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഇതാേടെ ലീഗ് റൗണ്ടിലേറ്റ തോല്‍വിക്ക് ദക്ഷിണാഫ്രിക്കയുടെ മധുരപ്രതികാരം കൂടിയായി.ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോള്‍വാര്‍ട്ടിന്റെ (143 പന്തില്‍ 169) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 42.3 ഓവറില്‍ 194 റണ്‍സിലവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (143 പന്തില്‍ 169) അവിശ്വസനീയ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടസ്മിന്‍ ബ്രിട്സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 42.3 ഓവറില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നദീന് ഡി ക്ലാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് (64) ആലിസ് ക്യാപ്സി (50) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഏഴ് പന്തുകള്‍ക്കിടെ തന്നെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം പന്തില്‍ തന്നെ എമി ജോണ്‍സിനെ (0) ബൗള്‍ഡാക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഹീതര്‍ നൈറ്റും (0) ബൗള്‍ഡായി. രണ്ടാം ഓവര്‍ എറിയാനെത്തിയ അയബോന്‍ഗ ഖാക, താമി ബ്യൂമോണ്ടിനെ (0) കൂടി മടക്കിയയച്ചു. ഇതോടെ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. പിന്നീട് ക്യാപ്സി - സ്‌കിവര്‍ സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
എന്നാല്‍ ഇരുവര്‍ക്കും അധിക നേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഇംഗ്ലണ്ട് വീണ്ടും തകര്‍ച്ച നേരിട്ടു. ആദ്യം ക്യാപ്സിയെ സ്യൂനെ ലുസ് പുറത്താക്കി. പിന്നാലെ സ്‌കിവറെ, കാപ്പ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ഇതോടെ അഞ്ചിന് 135 എന്ന നിലയായി ഇംഗ്ലണ്ട്. 31-ാം ഓവറില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി കാപ്പ് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. സോഫിയ ഡങ്ക്ലി (2), ചാര്‍ലോട്ട് ഡീന്‍ (0) എന്നിവരെ കാപ്പ് അടുത്തടുത്ത പന്തുകളില്‍ മടക്കി. സോഫി എക്ലെസ്റ്റോണ്‍ (2), ഡാനിയേല വ്യാട്ട് (34) എന്നിവര്‍ കൂടി മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ണം. 43ാം ഓവറില്‍ ലിന്‍സെ സ്മിത്ത് (27) കൂടി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക്.
ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ഇതേ സ്റ്റേഡിയത്തില്‍ പത്ത് വിക്കറ്റിനായിരുന്നു തോല്‍വി. അന്ന് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 20.4 ഓവറില്‍ 69ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ആ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ഇന്നത്തെ ജയം.
നാളെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ അവര്‍ ഫൈനലില്‍ നേരിടും.
