ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു; ജെയ്‌ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു; എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരില്‍ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് എത്തിയ ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടല്‍. ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നലെ രാത്രിവൈകി കേരി ഭട്ടല്‍ പ്രദേശത്തെ വനമേഖലയില്‍ അരുവിക്ക് സമീപം ആയുധധാരികളായ ഒരുസംഘം ഭീകരര്‍ തമ്പടിച്ചിരിക്കുന്ന വിവരമറിഞ്ഞ് സൈന്യം അവിടെയെത്തി. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഏറെ സമയം നീണ്ടുനിന്നു. ഇതിനിടയിലാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും പിന്നീട് വീരമൃത്യുവരിക്കുകയുമായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെ ഏറ്റുമുട്ടല്‍ തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കിഷ്ത്വാറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ കമാന്‍ഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. ആദ്യം ഒരു ഭീകരനെയാണ് വധിച്ചത്. തുടര്‍ന്ന് രണ്ടുപേരെക്കൂടി വധിക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് എം-4, എ കെ -47 തോക്കുകളും സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.സൈന്യം നടപടി കടുപ്പിച്ചതോടെ ജമ്മുകാശ്മീരില്‍ പാകിസ്ഥാന്റെ സഹായത്തോടെയുള്ള ഭീകരാക്രമണവും കാര്യമായി കുറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ സംസ്ഥാനത്ത് പലയിടത്തും ഭീകരര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതേത്തുര്‍ടന്ന് സൈന്യം വീണ്ടും നടപടി കര്‍ശനമാക്കിയിരിക്കുകയാണ്.