'ഞങ്ങള്‍ ലീഗുകാര്‍, കാസര്‍കോട് ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട'! പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്നതോടെ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെ എം ഷാജിയും മത്സരിച്ചേക്കും
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥി ആയേക്കും. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയെ രംഗത്തിറക്കാനാണ് നീക്കം. കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളുടെ നിലപാട്.
കെ എം ഷാജി കാസര്‍കോട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജില്ലയ്ക്ക് വേണ്ടത് കാസര്‍കോടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയെയാണെന്നും ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നും എഴുതിയ പോസ്റ്ററുകള്‍ 'ഞങ്ങള്‍ ലീഗുകാര്‍' എന്ന പേരില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2011, 2016, 2021 കാലഘട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70,381 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ പി ജിജിയെ ആയിരുന്നു കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങള്‍ ഓരോ നേതാക്കളില്‍ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു.
പി എം സാദിഖലിയെ തിരൂരങ്ങാടിയില്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന കൊടുവള്ളി മണ്ഡലം തന്നെ ഇത്തവണയും വേണമെന്ന ആവശ്യം എം കെ മുനീര്‍ ഉന്നയിച്ചതായാണ് വിവരം. കോഴിക്കോട് സൗത്തിലേക്ക് മുനീറിനെ പരിഗണിക്കാനിരിക്കെയാണ് ആവശ്യമുന്നയിച്ചത്.
അതേസമയം മഞ്ഞളാംകുഴി അലിയെ മങ്കടയില്‍നിന്ന് മാറ്റിയേക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ലീഗില്‍ അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ന് വൈകീട്ടോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നാളെ പാണക്കാടുവെച്ച് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയേക്കും.
