വീട്ടുകാര്‍ ഫോണ്‍ വിളിക്കുന്നത് തടഞ്ഞതിന് ജീവനൊടുക്കിയ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തില്‍: ഫോണ്‍ കോണ്‍ടാക്ട് പരിശോധിച്ചപ്പോള്‍ കാമുകനെ കണ്ടെത്തി: പോക്സോ കേസില്‍ യുവാവിന് മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
പോക്സോ കേസില്‍ യുവാവിന് മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ മൂന്നു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി. തൃശ്ശൂര്‍ ചാവക്കാട് പുന്നയൂര്‍ക്കുളം അണ്ടത്തോട് ചെറായി തേന്‍ പറമ്പില്‍ വീട്ടില്‍ ടി എന്‍ പ്രവീണ്‍ (21)നെയാണ് സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് റോഷന്‍ തോമസ് ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം.
വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് വിലക്കിയതിനും ഫോണ്‍ കൊടുക്കാത്തതിലുമുള്ള മനോവിഷമം കാരണം, 2023 ഫെബ്രുവരി 26 ന് 2.15 ന് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെ, ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ ഫോണിലേക്ക് പലതവണ ബന്ധപ്പെട്ട് സൗഹൃദത്തിലായതായും, 2022 ഡിസംബര്‍ മൂന്നിന് കുട്ടിയുടെ വീട്ടില്‍ വന്നു താമസമാക്കിയതായും വ്യക്തമായി.
ഡിസംബര്‍ 5 ന് വീട്ടില്‍ ആരുമില്ലാത്ത സമയം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നും അന്വേഷണത്തില്‍ വെളിവായി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. എസ് അനീഷ് എബ്രഹാം ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്‍, അന്വേഷണം പൂര്‍ത്തിയാക്കി ബലാല്‍സംഗത്തിനും പോക്സോ നിയമപ്രകാരവും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കുട്ടിയുടെ ഫോണ്‍ കോണ്‍ടാക്ട് വിശദമായി പരിശോധിച്ച പോലീസ് നിരവധി തവണ വിളിച്ച നമ്പര്‍ കണ്ടെത്തുകയും, യുവാവിലേക്ക് അന്വേഷണം എത്തി പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 80 തവണ കുട്ടിയെ നിരന്തരം ഫോണില്‍ പ്രതി വിളിച്ചതായും നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തതായും വിചാരണയില്‍ തെളിഞ്ഞു. പോക്സോ നിയമത്തിലെ 12, 11(ശ് )വകുപ്പുകള്‍ അനുസരിച്ച് യുവാവ് കുറ്റക്കാരനെന്ന് വ്യക്തമായി, തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു. കോടതി നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി.