'കഞ്ചാവ് കേസിലെ പ്രതി തസ്ലിമയെ അറിയാം; അച്ഛന്‍ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു; ഞാന്‍ കൊടുത്തു; അത്ര മാത്രമാണുണ്ടായതെന്ന് ബിഗ് ബോസ് താരം ജിന്റോ; കേസിനെ നിയമപരമായി നേരിടുമെന്നും ബിഗ് ബോസ് താരം

കേസിനെ നിയമപരമായി നേരിടുമെന്ന് ജിന്റോ

Update: 2025-04-29 13:26 GMT

ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയെ അറിയാമെന്ന് ബിഗ് ബോസ് താരം ജിന്റോ. വെറും പരിചയം മാത്രമാണ്. കയ്യും കാലും പിടിച്ചപ്പോള്‍ സഹായം നല്‍കി. അച്ഛന്‍ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു, ഞാന്‍ കൊടുത്തു. അത്ര മാത്രമാണുണ്ടായതെന്നും ജിന്റോ വ്യക്തമാക്കി.

ജീവിക്കാന്‍ ആഗ്രഹമുണ്ട്, ഒരുപാട് സ്വപ്നങ്ങളുണ്ട്. ദയവായി തനിക്ക് വ്യാജ ഇമേജ് നല്‍കരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അറസ്റ്റ് ചെയ്തുവെന്ന വ്യാജപ്രചരണം പോലും ചിലര്‍ നടത്തിയതായും ജിന്റോ പറഞ്ഞു. ഓടി ഒളിച്ചിട്ടില്ല, ഒളിക്കുകയുമില്ല. നിയമപരമായി താന്‍ ഇതെല്ലാം നേരിടുമെന്നും ജിന്റോ കൂട്ടിച്ചേര്‍ത്തു. കേസിനെ താന്‍ നിയമപരമായി നേരിടുമെന്നും ജിന്റോ പ്രതികരിച്ചു.

പതിനായിരം ആള്‍ക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാള്‍ ഞാന്‍ അത്രേയുള്ളൂ. വന്നു കഴിഞ്ഞ് എല്ലാം പറയാം, കുറേ പറയാനുണ്ട് എനിക്ക്,'' എന്നാണ് എക്‌സൈസ് ടീമിനു മുന്നില്‍ ഹാജരാവാന്‍ എത്തിയ ജിന്റോ പതികരിച്ചത്.കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും തസ്ലീമയെ അറിയില്ല, പേരു കേട്ടിട്ട് മനസ്സിലാവുന്നില്ല എന്നാണ് ജിന്റോ പറഞ്ഞത്.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്‌സൈസ് നോട്ടീസ് അയച്ചിരുന്നു. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചത്.

തസ്ലിമയുടെ വാട്സാപ്പ് ചാറ്റുകളും കോളുകളും പരിശോധിച്ചതോടെയാണ് ജിന്റോയുമായുള്ള ബന്ധം കണ്ടെത്തിയത്. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോഷി എന്നയാളെയും എക്സൈസ് ചൊവ്വാഴ്ച ചോദ്യംചെയ്തിരുന്നു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെ കഴിഞ്ഞദിവസം എക്സൈസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. നിലവില്‍ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതേസമയം, ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

തിങ്കളാഴ്ച രാവിലെയാണ് നടന്മാരും മോഡലും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. മണിക്കൂറുകള്‍നീണ്ട ചോദ്യംചെയ്യലിന് ശേഷം രാത്രിയോടെയാണ് മൂവരെയും വിട്ടയച്ചത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതികളിലൊരാളും ലഹരിക്കടത്തുകാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് മൂവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇവര്‍ക്ക് ബന്ധമില്ലെന്നാണ് എക്‌സൈസിന്റെ നിലവിലെ കണ്ടെത്തല്‍.

ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്സൈസിന്റെ പിടിയിലായിരുന്നു.

റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.

Tags:    

Similar News