റാന്നിയിലെ വൃദ്ധദമ്പതികളുടെ മരണത്തില്‍ ദുരൂഹത: മരണം സമീപവാസികള്‍ പോലും അറിഞ്ഞത് പോലീസ് എത്തിയപ്പോള്‍; മൃതദേഹത്തിന്റെ പഴക്കമറിയാന്‍ പോസ്റ്റുമോര്‍ട്ടം കഴിയണം

Update: 2025-05-16 05:20 GMT

റാന്നി: പഴവങ്ങാടി മുക്കാലുമണ്ണിലാണ് വയോധിക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പഴവങ്ങാടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ എസ്എന്‍ഡിപി സ്‌കൂളിന് സമീപം മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയാ മാത്യു (ബാബു 74)ഭാര്യ അന്നമ്മ മാത്യു (കുഞ്ഞുമോള്‍ 70) എന്നിവരാണ് മരിച്ചത്. അന്നമ്മയെ തൂങ്ങിയ നിലയിലും സക്കറിയാ മാത്യുവിനെ നിലത്തുമാണ് കണ്ടെത്തിയത്. മൃതഹേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൃത്യമായ വിവരം അറിയുകയുള്ളൂ.

വയോധിക ദമ്പതികളുടെ മരണം സമീപവാസികള്‍ പോലും അറിഞ്ഞത് പോലീസ് എത്തിയ ശേഷമാണ്. അടുത്ത ബന്ധുക്കളടക്കം പൊലീസ് എത്തുമ്പോഴാണ് ഇവര്‍ മരിച്ചുവെന്ന് മനസിലാക്കുന്നത്. മുക്കാലുമണ്‍ ജങ്ഷനില്‍ നി ന്ന് പാറമടയിലേക്കുള്ള റോഡില്‍ നിന്നുള്ള ഇടറോഡില്‍ 150 മീറ്ററോളം താഴെയാണ് ദമ്പതികള്‍ താമസിക്കുന്നത്. ചുറ്റുമതില്‍ കെട്ടി സുരക്ഷിതമാക്കിയ ഒറ്റ നില വീട്. അയല്‍വാസികളും ബന്ധുക്കളുമായി കൂടുതല്‍ സഹ കരണമില്ലായിരുന്നു. അത്യാവശ്യത്തിനു മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ പഴവങ്ങാടിക്കര മാര്‍ത്തോമ്മാ പള്ളിയിലെ നിറസാന്നിധ്യമായിരുന്നു ഇവര്‍. ദമ്പതികളുടെ മകന്‍ ദീപു തിങ്കളാഴ്ച വീട്ടിലെത്തിയിരുന്നെന്ന് സമീപ വാസികള്‍ പറഞ്ഞു. മൂന്നു പേരും കൂടി കാറില്‍ പോകുന്നത് അവര്‍ കണ്ടിരുന്നു.സംഭവം അറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം ഒട്ടേറെ പേര്‍ വീട്ടില്‍ തടിച്ചു കൂടിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് എത്തിയത്. ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസം. ഇരുവരും അബുദാബിയിലെ ജോലിക്കു ശേഷം നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മകന്‍ ദീപു സക്കറിയഎറണാകുളത്ത് ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് റാന്നി നഗരഹൃദയത്തില്‍ ഒട്ടേറെ വസ്തുക്കളും ഉണ്ട്. സാമ്പത്തിക പ്രശ്നനങ്ങളും ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. തിങ്കളാഴ്ച മുതല്‍ ഫോണില്‍ ഇവരെ കിട്ടാതെ വന്നതോടെ മകന്‍ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Similar News