നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം; 15 അടി താഴ്ചയുള്ള കിണറിന്റെ മോട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍: അമ്മ അറസ്റ്റില്‍

നാലു വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊല്ലാൻ ശ്രമം; അമ്മ അറസ്റ്റിൽ

Update: 2025-05-18 00:16 GMT

വാളയാര്‍: നാലുവയസ്സുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണു സംഭവം. വാളയാര്‍ മംഗലത്താന്‍ചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്വേതയ്‌ക്കെതിരെ വധശ്രമത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത ശേഷം ഇവരെ മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

15 അടി താഴ്ചയുള്ള കിണറ്റിലാണ് ശ്വേത കുഞ്ഞിനെ എറിഞ്ഞത്. എന്നാല്‍ കുട്ടി അദ്ഭുതകരമായി മോട്ടര്‍ പൈപ്പില്‍ തൂങ്ങിക്കിടന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ശ്വേത കുട്ടിയെ ഒരാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറ്റിലേക്കാണ് എടുത്തെറിഞ്ഞത്.

കുഞ്ഞിനെ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. ശ്വേത തമിഴ്‌നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചുവെന്നും വിശദമായ അന്വേഷണം നടത്തിയാലേ കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും പൊലീസ് പറഞ്ഞു. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും തുടരന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News