കളിക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങി; ആന്ധ്രാപ്രദേശില്‍ സഹോദരങ്ങളടക്കം നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു; നാലുപേരും 10 വയസില്‍ താഴെയുള്ളവര്‍

കാറിനുളളില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

Update: 2025-05-19 12:03 GMT

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളടക്കം നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉദയ്(8), ചാരുമതി(8), ചരിഷ്മ(6), മനസ്വി(6) എന്നിവരാണ് കളിക്കുന്നതിനിടയില്‍ കാറില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്. ചാരുമതിയും ചരിഷ്മയും സഹോദരങ്ങളാണ്.

വിജയനഗരം കന്റോണ്‍മെന്റിന് കീഴിലുള്ള ദ്വാരപുഡി ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറുകയും വാതിലുകള്‍ അകത്തുനിന്ന് ലോക്കായതോടെ കുടുങ്ങുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറെ വൈകിയും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുകയും മഹിളാ മണ്ഡലി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കുട്ടികളെ കണ്ടെത്തുകയുമായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കളിയ്ക്കാന്‍ പുറത്തു പോയ കുട്ടികള്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇവരെ അന്വേഷിക്കാന്‍ തുടങ്ങി. ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും മൂന്ന് മണിക്കൂറിലധികം തിരച്ചില്‍ നടത്തിയ ശേഷമാണ് കുട്ടികളുടെ കുടുംബാംഗങ്ങള്‍ വൈകുന്നേരം കാറില്‍ അവരെ കണ്ടെത്തിയത്.

കാറിന്റെ ജനാലകള്‍ തകര്‍ത്താണ് അവര്‍ കുട്ടികളെ പുറത്തെടുത്തത്. എന്നാല്‍, അപ്പോഴേക്കും നാലുപേരും ശ്വാസംമുട്ടി മരിച്ചിരുന്നു. എല്ലാവരും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

ഞായറാഴ്ച ഈ കുട്ടികള്‍ കളിക്കുന്നതിനിടെ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കാറില്‍ കയറി എന്നാണ് അനുമാനിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, കാറിന്റെ വാതിലിന് അബദ്ധത്തില്‍ പൂട്ട് വീഴുകയായിരുന്നു.

പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജയനഗരം റൂറല്‍ പോലീസ് സ്ഥലത്തെത്തി കാറിന്റെ ഉടമയെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചു.

Similar News