ഭാര്യ ആരെയോ ഫോണ്‍ വിളിക്കുന്നതില്‍ സംശയം; തര്‍ക്കത്തിന് പിന്നാലെ മരംവെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തി; മക്കളെ സ്‌കൂളില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്നു; യുവാവ് അറസ്റ്റില്‍

Update: 2025-08-14 16:41 GMT

തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കല്ലിയൂര്‍ പുന്നമൂട് കുരുവിക്കാട് ലെയ്‌നില്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടില്‍ ബിന്‍സി (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ വിവരമറിഞ്ഞ നാട്ടുകാര്‍ ബിന്‍സിയെ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരംവെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തിലാണ് വെട്ടിയത്. ഭര്‍ത്താവ് സുനിലിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി ബിന്‍സി ആരെയോ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും അതാണ് കൊലയ്ക്ക് പ്രകോപനമായതെന്നും സുനില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമായ ബിന്‍സി വ്യാഴാഴ്ച ജോലിക്കെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് കൊല നടന്ന വിവരം ആദ്യം അറിയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇവര്‍ ബിന്‍സിയുടെ വീട്ടിലെത്തിയത്. കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. വീട്ടിനുള്ളില്‍ കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ബിന്‍സി. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ബിന്‍സിയെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന മക്കള്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് കൊലപാതകമെങ്കിലും ഇവര്‍ സംഭവം അറിഞ്ഞില്ല. രാവിലെ കുട്ടികളോട് അമ്മയ്ക്കു പനിയാണെന്നും വിളിക്കേണ്ടെന്നും പറഞ്ഞശേഷം കടയില്‍ നിന്നു ഭക്ഷണം വാങ്ങി നല്‍കി സുനില്‍ കുട്ടികളെ സ്‌കൂളിലെത്തിച്ചു. പതിവായി ബിന്‍സിയാണ് മക്കളെ സ്‌കൂളില്‍ കൊണ്ടു പോകുന്നത്. ബിന്‍സിക്കു സുഖമില്ലെന്നാണ് അധ്യാപകരോടും പറഞ്ഞത്. പതിവിലും നേരത്തേ കുട്ടികളെ സ്‌കൂളിലെത്തിച്ച ശേഷം അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ സുനില്‍ ഒളിച്ചിരുന്നു. ബിന്‍സിക്കു വെട്ടേറ്റ വിവരമറിഞ്ഞു നാട്ടുകാര്‍ എത്തിയതിനു പിന്നാലെയാണ് ഇയാളും വീട്ടിലേക്ക് എത്തിയത്. നാട്ടുകാര്‍ സുനിലിനേയും കൂട്ടിയാണ് ബിന്‍സിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സുനില്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഹരിത കര്‍മസേന ജീവനക്കാരിയാണ് ബിന്‍സി. കൂലിപ്പണിക്കാരനാണ് സുനില്‍.

നിര്‍മാണ തൊഴിലാളിയായ സുനില്‍ സ്ഥിരം മദ്യപാനിയാണെന്നാണ് അയല്‍വാസികളടക്കം പറയുന്നത്. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് ബിന്‍സി ആരെയോ ഫോണ്‍ വിളിക്കുന്നത് കണ്ടതും കൊല ചെയ്തതും.

Similar News