പരിശോധനയ്ക്ക് ഇറങ്ങിയ ഗാര്‍ഡ് അടിയില്‍ നില്‍ക്കുമ്പോള്‍ ട്രെയിന്‍ മുന്നോട്ട് നീങ്ങി; രണ്ട് കോച്ചുകള്‍ കടന്നു പോയെങ്കിലും ട്രാക്കില്‍ കമിഴ്ന്നു കിടന്നതിനാല്‍ അത്ഭുത രക്ഷപ്പെടല്‍; ജീവിതത്തിലേക്ക് തിരികെ 'കിടന്നു' വന്ന് ദീപ

ഗാര്‍ഡ് അടിയില്‍ നില്‍ക്കുമ്പോള്‍ ട്രെയിന്‍ മുന്നോട്ട് നീങ്ങി; ദീപയ്ക്ക്‌ അത്ഭുത രക്ഷപ്പെടല്‍

Update: 2025-09-16 01:08 GMT

തിരുവനന്തപുരം: ട്രെയിന്‍ പരിശോധനയ്ക്ക് ഇറങ്ങിയ മാനേജര്‍ (ഗാര്‍ഡ്) അടിയില്‍ നില്‍ക്കുമ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുത്തു. പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നു കിടന്നതിനാല്‍ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശിനി ടി.കെ. ദീപയാണ് വലിയ ഒരു ആപത്തില്‍ നിന്നും പോറല്‍ പോലും ഏല്‍ക്കാതെ ജീവിതത്തിലേക്ക് തിരികെ കയറിയത്. ദീപയ്ക്ക് മുകളിലൂടെ രണ്ട് കോച്ചുകള്‍ കടന്നു പോയെങ്കിലും ദീപ അത്ഭുതകരമായി രക്ഷപ്പെടുക ആയിരുന്നു.

ഇന്നലെ രാവിലെ ചിറയന്‍കീഴ് സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കു 9.15ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണു ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ പരിശോധനയ്ക്കായി ചിറയിന്‍കീഴില്‍ നിര്‍ത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്ക് ഇടയില്‍ ട്രെയിന്‍ മുന്നോട്ട് എടുക്കുകയായിരുന്നു.

സംഭവം കണ്ട് ആളുകള്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെയാണ് ട്രെയിന്‍ നിര്‍ത്തിയത്. പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നു കിടന്നതിനാല്‍ പരിക്കുകള്‍ ഒന്നും കൂടാതെ ദീപയ്ക്ക് ജീവന്‍ രക്ഷിക്കാനായി. ഇതിനിടയില്‍ വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാന്‍ ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവര്‍ പറഞ്ഞു. സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്.

ട്രാക്കില്‍ വീണ ദീപയുടെ കാല്‍മുട്ടിനു പരുക്കേറ്റിട്ടുണ്ട്. കൊടി കാണിക്കുകയോ അല്ലെങ്കില്‍ വോക്കിടോക്കിലൂടെ അറിയിപ്പ് ലഭിക്കുകയോ ചെയ്ത ശേഷം മാത്രമേ ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ മുന്നോട്ട് എടുക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇവിടെ ട്രെയിന്‍ എന്ത് അടിസ്ഥാനത്തിലാണ് മുന്നോട്ട് എടുത്തതെന്ന് വ്യക്തമല്ല. ദീപ ഉപയോഗിച്ചിരുന്ന വോക്കിടോക്കിക്ക് സാങ്കേതിക തകരാറുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.

ഡ്യൂട്ടി തുടര്‍ന്ന ദീപയെ കൊല്ലത്ത് റെയില്‍വേ ആശുപത്രിയിലും തുടര്‍ന്നു പേട്ടയിലെ റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്നു മറ്റൊരു ഗാര്‍ഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി സര്‍വീസ് തുടര്‍ന്നത്. സംഭവത്തെപ്പറ്റി റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

Tags:    

Similar News