'ഞാന്‍ റൂമിലേക്ക് വരരുതായിരുന്നു; അവിടെ ഇരുന്നില്ലേ...അതിലാണ് എനിക്ക് പറ്റിപ്പോയത്; തെറ്റുപറ്റിപ്പോയി, നാറ്റിക്കരുത്'; പണം വാഗ്ദാനം ചെയ്തും പ്രതി; തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് വനിത ജീവനക്കാരി; സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണാക തെളിവ് പുറത്ത്

വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണാക തെളിവ് പുറത്ത്

Update: 2025-09-16 09:38 GMT

കല്‍പ്പറ്റ: സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി വനിത ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ചുകൊണ്ടുള്ള പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍ പരാതിക്കാരിയുമായി സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ രതീഷ് കുമാര്‍ യുവതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് സംഭാഷണത്തില്‍ ഉള്ളത്.

വയനാട് ബിഎഫ്ഒ പീഡനശ്രമക്കേസില്‍ ശബ്ദരേഖ പുറത്തായതോടെ കേസില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ്‌കുമാറിന് കുരുക്ക് മുറുകുകയാണ്. ശബ്ദരേഖയില്‍ തനിക്ക് തെറ്റുപറ്റിപ്പോയെന്നും സാറന്‍മാര്‍ അറിഞ്ഞാല്‍ പണിയാകുമെന്നും ഇയാള്‍ പറയുന്നുണ്ട്. താനപ്പോള്‍ റൂമിലേക്ക് വരരുതായിരുന്നെന്നും അവിടെ വന്ന് ഇരുന്നതാണ് തനിക്ക് തെറ്റുപറ്റിപ്പോകുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നും രതീഷ്‌കുമാര്‍ ശബ്ദരേഖയില്‍ പറയുന്നു.

ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് പറയാനും ഇയാള്‍ വനിതാ ഓഫീസറോട് പറയുന്നുണ്ട്. താന്‍ കാലുപിടിക്കാമെന്നും ഇതെങ്ങനെയെങ്കിലും തീര്‍ക്കണമെന്നും നാറ്റിക്കരുതെന്നും സെക്ഷന്‍ ഓഫീസര്‍ ആവശ്യപ്പെടുന്നു. എനിക്ക് നിന്റെ മുഖത്ത് നോക്കാന്‍ സാധിക്കുന്നില്ലെന്നും വേറെ ഒരിടത്തേക്ക് മാറിയാലും അത് തനിക്ക് പ്രശ്‌നമാണെന്നും രതീഷ്‌കുമാര്‍ പറയുന്നു. കാലുപിടിക്കാന്‍ തയ്യാറാണെന്നും രാത്രി ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നും ഇയാള്‍ വനിതാ ഓഫീസറോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്.

അതേസമയം തനിക്കുണ്ടായ മാനസിക പ്രശ്‌നത്തെക്കുറിച്ചും ഇത്തരമൊരു കാര്യം സാറില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വനിതാ ബിഎഫ്ഒ മറുപടി നല്‍കുന്നു. പുതുതായി വരുന്ന ആള്‍ നല്ലൊരു സാര്‍ ആകുമല്ലോ എന്നാണ് വിചാരിച്ചതെന്നും രാത്രിഡ്യൂട്ടി ചെയ്യുന്ന തനിക്ക് ഇതേവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വനിതാ ബിഎഫ്ഒ ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. എന്തു സംഭവിച്ചാലും കുഴപ്പമില്ലെന്നും താന്‍ ഉറപ്പായും പ്രതികരിക്കുമെന്നും ഇവര്‍ പറയുന്നു. കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാര്‍ സംഭാഷണത്തിനിടെ പറയുന്നു പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിച്ചു. കേസില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭാഷണം പുറത്തുവന്നത്. കേസില്‍ നിര്‍ണായക തെളിവായി ഇതിനെ കണക്കാക്കുന്നു.

സെപ്റ്റംബര്‍ ഒന്നിന് രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി രതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോയ രതീഷ് മടങ്ങിയെത്തിയാണ് പീഡനശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനത്തെ ചെറുത്ത വനിതാ ബിഎഫ്ഒ പുറത്തേക്ക് ഇറങ്ങി ഓടി. പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തിരുന്നു. രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയതായും വകുപ്പ് തല അന്വേഷണം നടന്നു വരികയാണന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ അറിയിച്ചിരുന്നു.

വനിതാ ബീറ്റ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ വകുപ്പുതല നടപടിക്കു മുന്നോടിയായി അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചിരുന്നു. അതേസമയം ഒരു വനിതാ ഫോറസ്റ്റ് ഓഫിസറെ മാത്രം രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഇതൊടൊപ്പം ഉയര്‍ന്നിരുന്നു.

Tags:    

Similar News