അക്കൗണ്ടിലേക്ക് പണം അയക്കാൻ സാങ്കേതിക തടസ്സമുണ്ട്; പുതിയ അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞ് എടിഎം, സിം കാർഡ് വിവരങ്ങൾ തഞ്ചത്തിൽ കൈക്കലാക്കും; അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നത് 21കാരി അറിയുന്നത് വളരെ വൈകി; രാജ്യം വിട്ട തളങ്കരക്കാരി സാജിത പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് 'മ്യൂൾ അക്കൗണ്ട്' തട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കായി മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന 'മ്യൂൾ അക്കൗണ്ട്' ശൃംഖല വ്യാപകമാകുന്നു. ഈ വർഷം മാത്രം ഇത്തരത്തിലുള്ള 14,189 അക്കൗണ്ടുകളിലൂടെ 223 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടന്നതായി സൈബർ പോലീസ് കണ്ടെത്തി. അറിഞ്ഞോ അറിയാതെയോ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് കൈമാറുന്നതിലൂടെ സാധാരണക്കാർ നിയമക്കുരുക്കിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസർകോട് സ്വദേശിനിയായ 21-കാരി. ബന്ധുവായ സ്ത്രീയുടെ ചതിയിൽപ്പെട്ട് യുവതി വലിയൊരു ഓൺലൈൻ തട്ടിപ്പ് കേസിൽ പ്രതിയായി. ബന്ധുവായ സാജിത എന്ന സ്ത്രീയാണ് തട്ടിപ്പിന് പിന്നിൽ. ഇവരെ മുംബയില്‍ വച്ച് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് തളങ്കര സ്വദേശിനിയാണ് സാജിത. 2024 മാര്‍ച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബര്‍ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയെന്നാണ് പരാതി.
തന്റെ അക്കൗണ്ടിലേക്ക് പണം അയക്കാൻ സാങ്കേതിക തടസ്സമുണ്ടെന്നും, അതിനാൽ ഒരു പുതിയ അക്കൗണ്ട് തുടങ്ങി നൽകണമെന്നും സാജിത 21കാരിയോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി പുതിയ അക്കൗണ്ട് തുടങ്ങി എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എന്നിവ സാജിതയ്ക്ക് കൈമാറുകയായിരുന്നു. എടിഎം കാർഡിന് അന്താരാഷ്ട്ര ഉപയോഗത്തിനുള്ള സൗകര്യം വേണമെന്നും സാജിത പ്രത്യേകം നിർദേശിച്ചിരുന്നു.
എന്നാൽ ബെംഗളൂരു സൈബർ പോലീസിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്ന വിവരം യുവതി അറിയുന്നത്. യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട് പോലീസ് സാജിതയെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്ന് മടങ്ങിവരവേ കഴിഞ്ഞ മാസം മുംബൈയിൽ വെച്ചാണ് ഇവർ പിടിയിലായത്. സാജിതയുടെ കൂട്ടുപ്രതിയായ സാബിറിനെ കണ്ടെത്താനുള്ളള ശ്രമത്തിലാണ് പൊലീസ്.
കുടുംബത്തിൽ തന്നെയുളള നാലു ബന്ധുക്കളെ കൊണ്ട് സാജിത ഇത്തരത്തില്‍ അക്കൗണ്ടുകള്‍ തുറന്നിരുന്നു. 21കാരിയുടെ അക്കൗണ്ടിലൂടെ മാത്രം 2024 മാര്‍ച്ച് മുതല്‍ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തിയതായി ബാങ്ക് പരിശോധനയില്‍നിന്നു വ്യക്തമായി. നവംബറിലാണ് ബന്ധുക്കള്‍ കാസര്‍കോട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരെ സാജിത ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ദുബായിലുള്ള ചൈനീസ് ഓപ്പറേറ്റര്‍മാര്‍ക്കാണ് അക്കൗണ്ടുകള്‍ വില്‍ക്കുന്നതെന്നാണ് സാജിത ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
ഇത്തരം അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം വിദേശത്ത് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കുകയാണ് ചെയ്യുന്നതെന്നും സാജിത പറഞ്ഞു. കേസെടുത്തതോടെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുയായിരുന്നു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും, ഓൺലൈൻ തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം കൈമാറ്റം ചെയ്യാനാണ് മ്യൂൾ അക്കൗണ്ടുകൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നും പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയത് എറണാകുളം (6107), മലപ്പുറം (2090) ജില്ലകളിലാണ്. ഈ അക്കൗണ്ടുകളുടെയെല്ലാം നിയന്ത്രണം യഥാർത്ഥ ഉടമകളിൽ നിന്ന് തട്ടിപ്പു സംഘങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരു കാരണവശാലും മറ്റൊരാൾക്ക് കൈമാറരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളും ഈ തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.