സ്ഥലമിടപാടിലൂടെ ലഭിച്ച പണവുമായി സഞ്ചരിക്കവെ ആയുധങ്ങൾ കാട്ടി കാർ തടഞ്ഞു നിർത്തി; കാർ അടിച്ചു തകർത്തു; ബാഗിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം മറ്റൊരു കാറിൽ രക്ഷപ്പെട്ടു; അറയ്ക്കലുകാരന് നഷ്ടമായത് 2 കോടി
മലപ്പുറം: മലപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടി രൂപയോളം കവർന്ന കേസിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ തിരൂരങ്ങാടി തെയ്യാനിക്കൽ ഹൈസ്കൂൾ പടിയിൽ വെച്ചാണ് സംഭവം നടന്നത്. സ്ഥലമിടപാടിലൂടെ ലഭിച്ച ഒരു കോടി 95 ലക്ഷം രൂപയുമായി സഞ്ചരിച്ചവരെയാണ് നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്.
അറയ്ക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് ഒരു കോടി 95 ലക്ഷം രൂപയുമായി കാറില്‍ സഞ്ചരിച്ചത്. മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള വസ്തു വിറ്റ പണമാണിതെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു.
തുടർന്ന്, വടികളും വാളും പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കാർ അടിച്ചുതകർത്ത് ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. പണം കവര്‍ന്ന ശേഷം കൊടിഞ്ഞി ഭാഗത്തേക്ക് സംഘം കാറില്‍ രക്ഷപ്പെട്ടതയാണ് വിവരം. സംഭവമറിഞ്ഞെത്തിയ പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ ആരാണെന്നും പണം കണ്ടെത്താനുമുള്ള ഊർജ്ജിതമായ ശ്രമങ്ങൾ പോലീസ് നടത്തുന്നുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്.