നായയുടെ കടിയേറ്റ മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിക്കാനുള്ള നെട്ടോട്ടം; ബൈക്കില്‍ പോകവേ ഹെല്‍മറ്റ് മറന്നതിന് വലിച്ചിട്ട് പൊലീസ്; നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്നും തെറിച്ചുവീണ കുഞ്ഞിന്റെ തലയില്‍ ലോറി കയറി ദാരുണാന്ത്യം; മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍

മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Update: 2025-05-27 10:13 GMT

ബെംഗളൂരു: നായയുടെ കടിയേറ്റ മൂന്നു വയസുകാരിയുമായി ആശുപത്രിയിലേക്കു പോയ ബൈക്ക് ട്രാഫിക് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു വയസുകാരിക്കു ദാരുണാന്ത്യം. ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളത്തിനിടെ ഹെല്‍മറ്റ് പിതാവ് മറന്നതിന്റെ പേരില്‍ ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനായി പൊലീസ് വാഹനം നിര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടു. അമ്മയുടെ മടിയില്‍ നിന്ന് താഴെ വീണ മൂന്നുവയസുകാരി പിന്നാലെ വന്ന ലോറിയിടിച്ച് കൊല്ലപ്പെടുകയായിരുന്നു. കര്‍ണാടകയിലെ മണ്ഡ്യയില്‍ ഇന്നലെ വൈകുന്നേരമാണ് ദാരുണ സംഭവമുണ്ടായത്.

റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് റിതീക്ഷയുടെ പിതാവിനെ ട്രാഫിക് പൊലീസ് പിഴ ചുമത്താനായി തടഞ്ഞത്. നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്കു വീഴുകയും പിന്നാലെ വന്ന ടെംപോ കയറിയിറങ്ങുകയുമായിരുന്നു. തലയ്‌ക്കേറ്റ മാരകമായ പരുക്കാണ് മരണകാരണം.

നായ കടിച്ചതുകൊണ്ട് കുട്ടിയെ വേഗം ആശുപത്രിയില്‍ എത്തിക്കണമെന്ന് പൊലീസിനോടു പറഞ്ഞതാണെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു. ''ആദ്യത്തെ സംഘം പൊലീസുകാര്‍ ഇതുകേട്ടു ഞങ്ങളെ വിട്ടു. എന്നാല്‍ എതിര്‍വശത്തുനിന്നു വന്ന രണ്ടാം സംഘം തടയുകയായിരുന്നു. അവരോടു താഴ്മയായി പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. അതിലൊരു ഉദ്യോഗസ്ഥന്‍ കൈപിടിച്ചു വലിച്ചു. ഇതേ തുടര്‍ന്നാണ് വാഹനത്തിനു നിയന്ത്രണം നഷ്ടമായത്. ബൈക്ക് വശത്തേക്കു വീണു. പൊലീസ് പറഞ്ഞിട്ടാണ് ടെംപോ പിന്നോട്ട് എടുത്തത്. അതു കുട്ടിയുടെ തലയിലൂടെ കയറുകയായിരുന്നു'' ബന്ധു പറഞ്ഞു.

വാഹനം നിര്‍ത്താനായി ഉദ്യോഗസ്ഥന്മാരില്‍ ഒരാള്‍ മൂന്നുവയസുകാരിയുടെ പിതാവിന്റെ കയ്യില്‍ പിടിച്ച് വലിച്ചതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. ബൈക്ക് ഒരു വശത്തേക്ക് ചരിഞ്ഞു. ഇതിനിടയിലാണ് അമ്മയുടെ കയ്യിലിരുന്ന മൂന്നുവയസുകാരി പിടിവിട്ട് റോഡിലേക്ക് വീണത്. ഈ സമയത്ത് ഇതുവഴി വന്ന ലോറിയാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയത്. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് മൂന്നു പൊലീസുകാരെ മണ്ഡ്യ എസ്പി സസ്‌പെന്‍ഡ് ചെയ്തു. മണ്ഡ്യയിലെ മിംസ് ആശുപത്രിക്കു പുറത്തായിരുന്നു പ്രതിഷേധം. പഴയ ബെംഗളൂരു മൈസുരു ദേശീയപാത ഇവര്‍ തടഞ്ഞു. എഎസ്‌ഐമാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി എസ്പി ബി. മല്ലികാര്‍ജുന്‍ അറിയിച്ചു.

Tags:    

Similar News