ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു; സ്വത്ത് വീതം വയ്ക്കുന്നതില്‍ തര്‍ക്കം; പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറേയും രണ്ട് പെണ്‍മക്കളേയും കാണാനില്ലെന്ന് പരാതി; അന്വേഷണവുമായി പൊലീസ്

പഞ്ചായത്ത് മെമ്പറേയും രണ്ട് പെണ്‍മക്കളേയും കാണാനില്ലെന്ന് പരാതി

Update: 2025-05-27 11:41 GMT

കോട്ടയം: ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയില്‍ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജന്‍, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്.

ഭര്‍തൃവീട്ടുകാരുമായി ചില സ്വത്ത് തര്‍ക്കത്തില്‍ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഐസിയുടെ ഭര്‍ത്താവ് സാജന്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാര്‍ഡ് അംഗമാണ് ഐസി സാജന്‍. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവിന്റെ സ്വത്ത് വീതംവെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പരാതി കേട്ട ഏറ്റുമാനൂര്‍ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.

പോലീസ് നിര്‍ദേശമനുസരിച്ച് സ്വത്ത് നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. ഇവരുടെ ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയിരിക്കുന്നത് തൃപ്പുണിത്തുറയിലാണെന്ന് പോലീസ് പറയുന്നു.

Tags:    

Similar News