സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞുപോയി; സ്വര്‍ണത്തിന് പുറമെ എസി കൂടി വാങ്ങണമെന്ന് വരന്റെ വീട്ടുകാര്‍; മര്‍ദ്ദനമേറ്റ നവവധു വിവാഹത്തിന്റെ നാലാം നാള്‍ ജീവനൊടുക്കി

മര്‍ദ്ദനമേറ്റ നവവധു വിവാഹത്തിന്റെ നാലാം നാള്‍ ജീവനൊടുക്കി

Update: 2025-07-01 15:50 GMT

ചെന്നൈ: തമിഴ്‌നാടിനെ വീണ്ടും ഞെട്ടിച്ച് വീണ്ടും നവവധുവിന്റെ ആത്മഹത്യ. തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. സംഭവത്തില്‍ പൊന്നേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കട്ടാവൂര്‍ സ്വദേശിയായ പനീര്‍ (37) ആണ് ലോകേശ്വരിയെ ജൂണ്‍ 27ന് വിവാഹം കഴിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പനീര്‍. യുവതിയുടെ വീട്ടുകാരോട് 10 പവന്‍ സ്ത്രീധനം വേണമെന്നാണ് പനീറിന്റെ കുടുംബ ആവശ്യപ്പെട്ടെങ്കിലും 5 പവന്‍ നല്‍കാമെന്നായിരുന്നു ലോകേശ്വരിയുടെ വീട്ടുകാര്‍ സമ്മതിച്ചത്. എന്നാല്‍ 4 പവന്‍ സ്വര്‍ണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നല്‍കാന്‍ കഴിഞ്ഞത്.

സ്വര്‍ണത്തിന് പുറമെ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നല്‍കിയിരുന്നു. പക്ഷേ, വിവാഹത്തിന് ശേഷം ലോകേശ്വരിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത മരുമകള്‍ക്ക് 12 പവന്‍ സ്ത്രീധനമായി ലഭിച്ചിരുന്നെന്നും ബാക്കി ഒരു പവന്‍ സ്വര്‍ണം ഉടന്‍ ലഭിക്കണമെന്നും പറഞ്ഞാണ് പനീറിന്റെ വീട്ടുകാര്‍ ലോകേശ്വരിയെ ഉപദ്രവിച്ചത്.

വിവാഹം കഴിഞ്ഞ് നാലാം നാള്‍ ദിവസം സ്വന്തം വീട്ടിലെത്തിയ ലോകേശ്വരി, ഇക്കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്തു. ബാക്കിയുള്ള ഒരു പവന് പുറമെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എസി കൂടി വാങ്ങണമെന്നു പറഞ്ഞ് തന്നെ ഉപദ്രവിച്ചതായി ലോകേശ്വരി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയോടെ ലോകേശ്വരിയെ സ്വന്തം വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ലോകേശ്വരിയെ പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം താങ്ങാനാകാതെയാണ് തിരുപ്പൂര്‍ സ്വദേശിനിയായ റിധന്യ ജീവനൊടുക്കിയത്.

Tags:    

Similar News