സൈനിക ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള വാഹനം തടഞ്ഞ് ചാവി ഊരിയെടുത്ത് സമരാനുകൂലികള്‍; തടയാന്‍ ശ്രമിച്ച പോലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; മൗനം പാലിച്ച് ഒപ്പമുള്ള പൊലീസുകാര്‍; വീഡിയോ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനം

Update: 2025-07-09 14:15 GMT

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍. സൈനിക ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള വാഹനം തടഞ്ഞ് സമരാനുകൂലികള്‍ ചാവി ഊരിയെടുത്തത് സംഘര്‍ഷത്തിന് ഇടയാക്കി. തടയാന്‍ ശ്രമിച്ച പൊലീസുകാരനെ സമരാനുകൂലികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആര്‍മി സപ്ലെ നടത്തുന്ന വാഹനമാണെന്ന കാര്യം ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസുകാരനെ പണിമുടക്കിനെ അനുകൂലിച്ച് എത്തിയവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. മര്‍ദ്ദിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ ആദ്യം മൗനം പാലിച്ചു. തെറിവിളിയും ഭീഷണിയുമായി സമരാനുകൂലികള്‍ പഞ്ഞടുത്തതോടെ ഒടുവില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്ന് പൊലീസുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു.

ആക്രമിക്കാനായി കൂട്ടം ചേര്‍ന്ന് എത്തിയ സമരാനുകൂലികള്‍ക്ക് ഇടയില്‍ പൊലീസുകാരനെ പിന്തിരിപ്പിച്ച് കൂട്ടിക്കൊണ്ടു പോകുമ്പോഴും വെല്ലുവിളിച്ച് പിന്നാലെയെത്തി. ഇതിനിടെ ഒരാള്‍ മര്‍ദിക്കാന്‍ പാഞ്ഞടുത്തു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരാണ് പിന്തിരിപ്പിച്ചത്. ആര്‍മി സപ്ലെ വാഹനത്തിന് പിന്നാലെയെത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസും തടഞ്ഞിട്ട് ഇവര്‍ ആക്രമണം നടത്തി.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സമരക്കാര്‍ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. വല്ലാത്ത വേദന തോന്നി ഊച്ചാളി രാഷ്ട്രീക്കാരന്റെ പ്രവൃത്തി കണ്ടല്ല. നിയമം പാലിക്കാന്‍ കൂടെ നില്‍ക്കേണ്ട സഹപ്രവര്‍ത്തകര്‍ തന്നെ അയാളെ ഒറ്റപ്പെടുത്തുന്നത് കണ്ടപ്പോ. നിങ്ങള് ആണ് സര്‍ ശെരി.. നിങ്ങള് മാത്രം അര്‍ഹനാണ് ആ കൂട്ടത്തില്‍ പോലീസ് എന്ന വാക്കിനു അര്‍ത്ഥം നല്‍കിയ ഒരേ ആള്‍....

നിങ്ങള് അയാള്‍ക്കൊപ്പം എങ്കില്‍ മാത്രം ഷെയര്‍ ചെയ്യുക... ലോകം അറിയട്ടെ കേരള മോഡല്‍ എന്തെന്ന് Kerala Police എന്തെന്ന്. .. ഈ വിഡിയോ മുഴുവനായും കാണുക , നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണ പോലീസ്‌കാരന്‍ ഒറ്റപ്പെടുന്നത് നിങ്ങള്‍ക്ക് കാണാനാകും. നിങ്ങള്‍ ആ പോലീസുകാരന് ഒപ്പമാണോ അതോ ആ രാഷ്ട്രീയക്കാര്‍ക്ക് ഒപ്പമോ എന്ന് ചിന്തിക്കുക, ഒരാള്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

അതേ സമയം മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതിനുമെതിരെയാണ് കേസ്.

അതേസമയം, 24 മണിക്കൂര്‍ പണിമുടക്കില്‍ സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണ്. കേന്ദ്രനയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും ഇടത് സര്‍വീസ് സംഘടനകളും നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി നടത്തിയത് വിരലില്‍ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ചുരക്കം ഓട്ടോകളും ടാക്‌സികളുമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും സമരാനുകൂലികള്‍ ചിലയിടങ്ങളില്‍ തടഞ്ഞു. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായിരുന്നു. തുറന്ന കടകള്‍ സരക്കാര്‍ ബലം പ്രയോഗിച്ച് അടിപ്പിച്ചു. സംസ്ഥാനത്ത് പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സമരത്തെ അനുകൂലിക്കുന്നവര്‍ ജോലിക്കെത്തിയില്ല. സെക്രട്ടേറിയറ്റില്‍ 4686 ല്‍ 423 പേരാണ് ഹാജരായത്. മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവാണ്. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുത്തില്ല. ബാങ്കുകളും പോസ്റ്റ് ഓഫീസും അടപ്പിച്ചു. അര്‍ധ രാത്രി 12 മണിവരെയാണ് പണിമുടക്ക്.

Similar News