കാമുകനുമായി പിണങ്ങി പോലീസില്‍ പരാതി നല്‍കിയ കാമുകി; വീണ്ടും അടുത്തെങ്കിലും കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച യുവതി; പുലര്‍ച്ചെ വീട്ടിന് സമീപം വച്ച് വിഷം കൊടുത്ത് യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു; ചികില്‍സയ്ക്കിടെ അന്‍സിലിന്റെ മരണം; ചേലാട്ടം 'ഗ്രീഷ്മ' അറസ്റ്റില്‍; കോതമംഗലത്തും പ്രണയ വിഷക്കൊല
കൊച്ചി: കോതമംഗലത്ത് യുവാവിനെ പെണ്‍സുഹൃത്ത് വിഷം നല്‍കി കൊലപ്പെടുത്തിയതായി സംശയം. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു യുവാവിന്റെ മരണം. സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകന്‍ ഷാരോണിനെ വകവരുത്തിയ പാറശാല സ്വദേശിനി ഗ്രീഷ്മയ്ക്ക് നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു. ജ്യൂസില്‍ ചേര്‍ത്തായിരുന്നു ഗ്രീഷ്മ കാമുകന് വിഷം നല്‍കിയത്. 2022 ഒക്ടോബര്‍ 25നായിരുന്നു ഷാരോണിന്റെ മരണം. ഇതിന് സമാനമാണ് കോതമംഗലം കേസെന്നാണ് വിലയിരുത്തല്‍.
യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. പെണ്‍സുഹൃത്ത് വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അന്‍സില്‍ മൊഴി നല്‍കിയിരുന്നുവെന്നാണ് സൂചന. യുവതി വിഷം വാങ്ങിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വധശ്രമത്തിനായിരുന്നു ആദ്യം കേസെടുത്തത്. യുവാവ് മരിച്ചതോടെ കൊലക്കുറ്റം ചുമത്തും. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിലായിരുന്നു. ഇടയ്ക്ക് പിണങ്ങിയപ്പോള്‍ അന്‍സിലിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനുശേഷം ഇരുവരും തമ്മില്‍ വീണ്ടും അടുപ്പത്തിലായി. പിന്നീട് എന്തോ കാരണവശാല്‍ യുവാവിനെ ഒഴിവാക്കണമെന്ന് യുവതി തീരുമാനിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വിഷം നല്‍കിയെന്നാണ് സൂചന. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷത്തിന്റെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതെവിടെ നിന്നാണ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ജൂലൈ 30ന് പുലര്‍ച്ചെയാണ് അന്‍സിലിന് വിഷം നല്‍കിയത് എന്നാണ് എഫ് ഐ ആര്‍. പ്രതിയുടെ ചേലാട് ഭാഗത്തുള്ള വീടിന് സമീപമാണ് വിഷം കൊടുത്ത് കൊല ചെയ്യാന്‍ ശ്രമമെന്നാണ് ആരോപണം. എഫ് ഐ ആറില്‍ യുവതിയുടെ പേര് പറഞ്ഞിട്ടില്ല. 30ന് മൂന്ന് മണിക്കാണ് വിവരം കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ കിട്ടുന്നത്. അപ്പോള്‍ തന്നെ കേസും രജിസ്റ്റര്‍ ചെയ്തു.