ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് ഒരു കോടി രൂപയും 125 പവനും; മൂന്ന് വര്‍ഷത്തെ ഒളിവ് ജീവിതത്തിനൊടുവില്‍ യുവതി അറസ്റ്റില്‍: പിടിയിലായത് സുപ്രീംകോടതി വരെ പോയിട്ടും ജാമ്യം ലഭിക്കാതെ വന്നതോടെ: സജ്‌ന നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതായി റിപ്പോര്‍ട്ട്

ബിസിനസിൻ്റെ പേരിൽ ഒരുകോടിയും 125 പവനും തട്ടി; അറസ്റ്റ്

Update: 2025-07-10 01:33 GMT

തിരൂര്‍: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തിരൂര്‍ സ്വദേശിയില്‍നിന്ന് ഒരുകോടി രൂപയും 125 പവനും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. മൂന്ന് വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പടിഞ്ഞാറേക്കര സ്വദേശിനി സജ്ന (ഷീന, 40)യെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്. തട്ടിപ്പിന് കേസെടുത്തതോട കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധയിടങ്ങളില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു യുവതി.

പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ പ്രതി, മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍, കേസിന്റെ ഗൗരവം മനസിലാക്കി കോടതികളെല്ലാം ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് സജ്‌ന പിടിയിലാകുന്നത്. തിരൂര്‍ സ്വദേശി ആരംഭിക്കാനിരുന്ന റൈസ്മില്‍ ബിസിനസില്‍ പങ്കാളിയാകാമെന്ന് പറഞ്ഞാണ് സജ്ന പരാതിക്കാരനില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഇദ്ദേഹം പോലിസില്‍ പരാതി നല്‍കുക ആയിരുന്നു

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പലതവണകളായാണ് തിരൂര്‍ സ്വദേശിയില്‍നിന്ന് യുവതി പണവും സ്വര്‍ണവും കൈക്കലാക്കിയത്. റൈസ്മില്‍ ബിസിനസില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് വിശ്വാസം പിടിച്ചു പറ്റി. എന്നാല്‍, പണം ട്രഷറിയില്‍ കുടുങ്ങികിടക്കുകയാണെന്നും ആദായനികുതി വകുപ്പിന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഇത് പിന്‍വലിക്കാനാകില്ലെന്നും പറഞ്ഞ് പ്രതി ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. ആദായനികുതി വകുപ്പില്‍നിന്നുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാതെ പണം കിട്ടില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഈ തടസങ്ങള്‍ നീക്കാനെന്ന് പറഞ്ഞാണ് പലഘട്ടങ്ങളായി പരാതിക്കാരനില്‍നിന്ന് ഒരുകോടി രൂപയും 125 പവന്‍ സ്വര്‍ണവും കൈക്കലാക്കിയത്.

പിന്നീട് സജ്‌നയെ കുറിച്ച് ഒരു വിവരവും ഇല്ലാതായി. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ സജ്ന ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞമൂന്നുവര്‍ഷമായി പാലക്കാട്ടെ വിവിധയിടങ്ങളിലാണ് യുവതി ഒളിവില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇവരെ തേടി പോലിസ് അന്വേഷണവും വ്യാപിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പ്രതി താനൂര്‍ മൂലയ്ക്കലില്‍ താമസിക്കാനെത്തി. ഈ വിവരമറിഞ്ഞതോടെയാണ് തിരൂര്‍ പോലീസ് സംഘം വീടുവളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

യുവതി ഒരു സ്ഥിരം തട്ടിപ്പുകാരിയാണെന്നാണ് സൂചന. തിരൂര്‍ സ്വദേശിക്ക് പുറമേ മറ്റുപലരില്‍നിന്നും പ്രതി പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതിലൂടെ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. തിരൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു.

Tags:    

Similar News