വാതുവെപ്പ് ആപ്പുകളുടെ പരസ്യം; വലിയ തുകയുടെ ഇടപാട് കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധമോ? വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഇ.ഡി.
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഇ.ഡി.
ഹൈദരാബാദ്: അനധികൃതമായ വാതുവെപ്പ് ആപ്പുകളുടെ പ്രചരണം നടത്തിയതിന് പ്രമുഖ താരങ്ങള്‍ക്കും സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കുമെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി ഉള്‍പ്പെടെ 29 സെലിബ്രിറ്റികള്‍ക്കെതിരെയാണ് കേസെടുത്തത്. പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ 29 പ്രമുഖ അഭിനേതാക്കള്‍, ഹര്‍ഷന്‍ സായ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ലോക്കല്‍ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്.
വാതുവെപ്പ് ആപ്പുകള്‍ക്ക് പ്രചരണം നല്‍കിയതിന് ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്. ബിസിനസുകാരനായ ഫനീന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് മിയാപൂര്‍ പൊലീസ് നടപടിയെടുത്തത്. പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, വിഷ്ണു എന്നിവരുടെ പേരിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്‌ഐആറില്‍ പരമാര്‍ശിച്ചിരുന്നു. 'ഈ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ട്, കൂടാതെ ഇത് നിരവധി കുടുംബങ്ങളെ, പ്രത്യേകിച്ച് കുറഞ്ഞ ശമ്പളം പറ്റുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നു,' എന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ട് ടെലിവിഷന്‍ അവതാരകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കെതിരെ വൈകാതെ സമന്‍സ് അയക്കുമെന്ന് ഇഡി അറിയിച്ചു.ഈ പ്രചാരണങ്ങളിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.
അതേസമയം, കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ടയുടെ ന്യായീകരണം. സ്‌കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണെന്നും അവര്‍ പറയുന്നു.
റാണ ദഗ്ഗുബാട്ടിയും തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കി. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017-ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്ഫോമുകള്‍ അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമാണ് എല്ലാ പ്രചാരണ പരിപാടികളും നടത്തിയതെന്നും അവ നിയമപരമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
2016-ല്‍ താന്‍ ജംഗിള്‍ റമ്മിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ് വ്യക്തമാക്കി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികമായി ആ പ്രചാരണം നിയമപരമായിരുന്നുവെങ്കിലും അത് ധാര്‍മികമായി തനിക്ക് ശരിയായി തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്ഫോമിനെയും താന്‍ പ്രമോട്ട്‌ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.