'മകളോട് മോശമായി പെരുമാറിയ ആളെ വെടിവെച്ച് കൊല്ലുമെന്ന് അന്ന് ഭീഷണിപ്പെടുത്തി; അവള്‍ക്കുവേണ്ടി നിലകൊണ്ട അച്ഛനാണ് ഇപ്പോള്‍ അവളെ കൊലപ്പെടുത്തിയത്; ഇതെനിക്ക് മനസിലാവുന്നില്ല'; രാധിക പിതാവിനെ ഒരുപാട് സ്‌നേഹിച്ചിരുന്നുവെന്ന് സുഹൃത്ത്

Update: 2025-07-14 15:00 GMT

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ടെന്നീസ് താരം രാധിക യാദവ് ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പിതാവ് ദീപകിന്റെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ പിതാവിനെ രാധിക ഒരുപാട് സ്‌നേഹിച്ചിരുന്നതായും എന്തിന് ഇത് ചെയ്തുവെന്ന് മനസിലാകുന്നില്ലെന്നും രാധികയുടെ സുഹൃത്ത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഹൃത്ത് രാധികയേയും രാധികയുടെ പിതാവിനെയും പറ്റി പറഞ്ഞത്. രാധിക വളരെയധികം അവളുടെ അച്ഛനെ സ്‌നേഹിച്ചിരുന്നതായും, അദ്ദേഹം കരിയറില്‍ വലിയ രീതിയില്‍ പിന്തുണ നല്‍കിയിരുന്നെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നെന്നും സുഹൃത്ത് പറയുന്നു.

സമൂഹമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോയെ ചൊല്ലി കൊലപാതകം നടന്ന ദിവസം പിതാവും രാധികയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. എന്നാല്‍ മകളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം സുഹൃദ്ബന്ധമോ റീല്‍ ചിത്രീകരണമോ അല്ലെന്ന് പിതാവ് ദീപക് യാദവ് മൊഴി നല്‍കിയിരുന്നു. രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിര്‍ത്തിരുന്നു. മൂന്നു ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറി. പൊലീസിന് മുന്നില്‍ ദീപക് കൊലപാതക കുറ്റം ഏറ്റുപറഞ്ഞു. എന്നാല്‍ സ്വന്തം മകളെ അതിക്രൂരമായി പിതാവ് കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് രാധികയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.

'അച്ഛന്‍ ടെന്നീസിന് വേണ്ടി കുറേ പണം ചിലവാക്കിയിട്ടുണ്ട്. അത് പാഴായിപോകാന്‍ ഞാന്‍ സമ്മതിക്കില്ല എന്നവള്‍ പറഞ്ഞിട്ടുണ്ട്. പഠനത്തിന് വേണ്ടി ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു രാധിക. ടെന്നീസ് അക്കാദമിയിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ചായിരുന്നു അവള്‍. മറ്റാളുകള്‍ അവളേക്കാള്‍ മുതിര്‍ന്നവരായിരുന്നു. അവിടെയുള്ള ചിലരെക്കൊണ്ട് അവള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായപ്പോള്‍ അവളുടെ അച്ഛന്‍ ഇടപെട്ടു. തന്റെ മകളോട് മോശമായി പെരുമാറിയ ആളെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവള്‍ക്കുവേണ്ടി അത്തരത്തില്‍ നിലകൊണ്ട അവളുടെ അച്ഛനാണ് ഇപ്പോള്‍ അവളെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇതെനിക്ക് മനസിലാവുന്നില്ല' എന്നാണ് രാധിക യാദവിന്റെ സുഹൃത്ത് പറയുന്നത്.

രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സാമൂഹ്യ മാധ്യമത്തില്‍ സുഹൃത്തുമൊത്ത് രാധിക വീഡിയോ പങ്കുവച്ചതും പിതാവുമായി തര്‍ക്കത്തിന് കാരണമായെന്നും സൂചനയുണ്ട്.

രാധിക നടത്തിയിരുന്ന ടെന്നിസ് അക്കാദമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴി. ഒപ്പം ഇയാള്‍ക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും അന്വേഷണ പരിധിയിലാണ്. കൂടാതെ മകളുടെ ചിലവിലാണ് താന്‍ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും ദീപക്കിന് രാധികയോടുള്ള വിദ്വേഷം വര്‍ദ്ധിപ്പിച്ചു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. ഇതും കൊലപാതകത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അമ്മയുടെ പിറന്നാള്‍ ദിവസം അമ്മയ്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛന്‍ ദീപക് യാദവ് വെടിവെച്ച് കൊന്ന്ത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar News