ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; ചോദ്യം ചെയ്യലില്‍ ഭാര്യയുടെ കുറ്റസമ്മതം; 38-കാരി അസമില്‍ അറസ്റ്റില്‍

Update: 2025-07-14 16:47 GMT

ഗുവാഹാട്ടി: ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരി അറസ്റ്റില്‍. ജൂണ്‍ 26-നാണ് സംഭവം നടന്നത്. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊന്ന് റഹീമ മൃതദേഹം വീടിന്റെ പരിസരത്ത് അഞ്ചടി താഴ്ചയുള്ള കുഴിയെടുത്ത് മറവു ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്നാണ് റഹീമ നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. 15 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള ജോയ്മതി നഗറിലാണ് സംഭവം നടന്നത്.

സബീല്‍ റഹ്‌മാന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിനെക്കുറിച്ച് പരിചയക്കാര്‍ ചോദിക്കുമ്പോള്‍ ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് റഹീമ മറുപടി നല്‍കുകയായിരുന്നു. തന്റെ പരിചയക്കാരോടും ബന്ധുക്കളോടും ഭര്‍ത്താവ് ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പറഞ്ഞു. എന്നാല്‍ ആളുകള്‍ തന്റെ പ്രതികരണത്തില്‍ സംശയിക്കുന്നതായി മനസ്സിലാക്കിയപ്പോള്‍, അയല്‍ക്കാരോട് സുഖമില്ലെന്നും ആശുപത്രിയില്‍ പോകുന്നുവെന്നും പറഞ്ഞ് വീട് വിട്ട് റഹീമ രക്ഷപ്പെടുകയും ചെയ്തു. കേസ് അന്വേഷിക്കാന്‍ തുടങ്ങിയെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ഭയക്കുകയും തുടര്‍ന്ന് ഗുവാഹാട്ടിയിലേക്ക് തിരിച്ചെത്തി ജലുക്ബാരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സബിയാല്‍ റഹ്‌മാന്റെ സഹോദരന്‍ ജൂലായ് 12ന്, തന്റെ സഹോദരനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം പരാതി നല്‍കിയ സ്റ്റേഷനില്‍ റഹീമാ കീഴടങ്ങി. വഴക്കിനിടെ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയെന്നും മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടെന്നും അവര്‍ കുറ്റസമ്മതം നടത്തി.

'പോലീസ് സ്റ്റേഷനില്‍ നടത്തിയ ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ റഹീമാ ഖാത്തൂന്‍ കുറ്റസമ്മതം നടത്തി. ജൂണ്‍ 26-ന് രാത്രിയുണ്ടായ വഴക്കിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി അവര്‍ പറഞ്ഞു. തങ്ങള്‍ പരസ്പരം ആക്രമിച്ചെന്നും പറഞ്ഞു. ഭര്‍ത്താവ് മദ്യപിച്ചിരുന്നതായും അവര്‍ അറിയിച്ചു' ഗുവാഹാട്ടി (വെസ്റ്റ്) ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പദ്മനാവ് ബറുവ പറഞ്ഞു.

റഹിമ ഖാത്തൂന്റെ കുറ്റസമ്മതത്തിനു ശേഷം, പോലീസ് റഹ്‌മാന്റെ മൃതദേഹം പുറത്തെടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. കുറ്റകൃത്യത്തില്‍ പ്രതിയെ സഹായിച്ച മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും വലിയ കുഴിയെടുത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സാധിക്കില്ല. മറ്റാരോ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തങ്ങള്‍ സംശയിക്കുന്നു. അത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

Similar News