'ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും...പക്ഷേ ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല'; ലൈംഗിക പീഡന പരാതിയില്‍ ആര്‍.സി.ബി താരം യാഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
യാഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
അലഹബാദ്: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) താരം യാഷ് ദയാലിന്റെ അറസ്റ്റ് അലഹബാദ് ഹൈകോടതി തടഞ്ഞു. ഒരാളെ അഞ്ച് വര്‍ഷം പറ്റിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് അറസ്റ്റ് തടഞ്ഞത്. ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ലെന്ന് ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സിദ്ദാര്‍ഥ വര്‍മയും അനില്‍ കുമാറും നിരീക്ഷിച്ചു.
'ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും...പക്ഷേ അഞ്ചു വര്‍ഷം...അഞ്ചു വര്‍ഷമായി നിങ്ങള്‍ അടുപ്പത്തിലായിരുന്നു...ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല' - ഹരജി പരിഗണിക്കുന്നതിനിടെ വാക്കാല്‍ കോടതി പറഞ്ഞു.
യുവതിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ഇന്ദിരാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ദയാലുമായി തനിക്ക് അഞ്ചു വര്‍ഷത്തെ ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നുമാണ് യുവതി ആരോപിക്കുന്നത്. അറസ്റ്റ് തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യാഷ് ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ, യുവതിക്കെതിരെ യാഷും പരാതി നല്‍കിയിരുന്നു. യുവതി ചികിത്സയുടെ പേര് പറഞ്ഞും മറ്റും ലക്ഷങ്ങള്‍ വായ്പ വാങ്ങിയിട്ടുണ്ടെന്നും ഇതുവരെ തിരിച്ചുതന്നിട്ടില്ലെന്നും പ്രയാഗരാജിലെ ഖുല്‍ദാബാദ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യാഷ് പറയുന്നു. തന്റെ ഐഫോണും ലാപ്‌ടോപ്പും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി പലതവണ ശാരീരികമായി ഉപയോഗപ്പെടുത്തിയെന്നാണ് യുവതി ആരോപണം. യാഷിന്റെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഞാന്‍ അവരുടെ മരുമകളാകുമെന്ന് ഉറപ്പുനല്‍കി. തികഞ്ഞ സത്യസന്ധതയോടും സമര്‍പ്പണത്തോടും കൂടിയാണ് ബന്ധം നിലനിര്‍ത്തിയത്. എന്നാല്‍, മറ്റ് സ്ത്രീകളുമായുള്ള അവന്റെ ബന്ധം മാനസികമായി തളര്‍ത്തി. ഇത് തനിക്ക് വിഷാദരോഗത്തിന് കാരണമായെന്നും യുവതി പറയുന്നു.
ഷോപ്പിങ്ങിനും മറ്റുമായി നിരന്തരം തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നുമാണ് യാഷ് നല്‍കിയ പരാതിയിലുള്ളത്. 'ചികിത്സയുടെ പേരു പറഞ്ഞാണ് ലക്ഷക്കണക്കിനു രൂപ വാങ്ങിയത്. പണം തിരികെ നല്‍കാമെന്നു പറഞ്ഞിരുന്നു. ഇതുവരെ തിരിച്ചുനല്‍കിയിട്ടില്ല. ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ അതിനും പണം ചോദിക്കുമായിരുന്നു. ഇതിനൊക്കെ തെളിവുകള്‍ കൈവശമുണ്ട്' -പൊലീസില്‍ നല്‍കിയ പരാതിയില്‍ ദയാല്‍ വ്യക്തമാക്കി.